
കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം കാസര്‍കോട് കൊലപ്പെടുത്തിയതെന്നും അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും അവര്‍ കരുതേണ്ടെന്നും കോഴിക്കോട് നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാന്‍ വിശ്വസിക്കുന്നത് നീതിയിലാണ്, അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴില്‍ സൃഷ്ടിക്കുന്നതിലല്ല, അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.

തന്‍റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തി. തന്‍റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേള്‍ക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം കേട്ടത് ഒരാളുടെ ശബ്ദമാണ്. അയാള്‍ മന്ത്രിമാരോടോ സ്ഥാനപങ്ങളോടോ ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോദി പിടിച്ചടക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
