
ഡി.ജി.പിക്കെതിരേയുള്ള ബ്രാഞ്ച് സെക്രട്ടറി പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി ആയുധമാക്കി യു.ഡി.എഫ്. ഈ വിഷയങ്ങളടക്കം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ട് സംസ്ഥാനത്ത് യു.ഡി.എഫ് രാപകല്‍ സമരം നടത്തുകയാണ്. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നടക്കം സര്‍ക്കാര്‍ തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ഈ വിഷയവും മുല്ലപ്പള്ളിക്കെതിരേയള്ള പ്രോസിക്യൂഷന് നടപടിയുമാണ് രാപകല്‍ സമരത്തിന്റെ പ്രധാന വിഷയം.

കോഴിക്കോട്ടെ രാപകല്‍ സമരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എന്ന പരാമര്‍ശം അത്രത്തോളം നാണക്കേടുണ്ടാക്കുന്ന ഒരു വാക്കായി സി.പി.എം കരുതുന്നത് കൊണ്ടാണ് നടപടിയെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ യു.ഡി.എഫ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.
മാത്രമല്ല, അഭിപ്രായ സ്വാതന്ത്രം നടത്തുന്നവരെ ജയിലിലടക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കേരള പതിപ്പാണ് പിണറായി സര്‍ക്കാര്‍ എന്നും യു.ഡി.എഫ് പ്രചാരണത്തില്‍ പറയുന്നു. ഇതോടെ പി.എസ്.സി തിരിമറിയില്‍ കുഴപ്പത്തിലായിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അടിക്കാനുള്ള മറ്റൊരു വടി കൂടിയായി മുല്ലപ്പള്ളിക്കെതിരേയുള്ള പ്രോസിക്യൂഷന് നടപടി. പാര്‍ട്ടിക്കാരായ മണ്ടന്‍ വിദ്യാര്‍ത്ഥി നേതാക്കളെ തിരുകി കയറ്റാനുള്ള പിന്‍വാതിലായി പി.എസ്.സിയെ സര്‍ക്കാര്‍ മാറ്റിയെന്ന് കോഴിക്കോട് രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത ശേഷം മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പി.എസ്.സിയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നൂവെന്ന് ഹൈക്കോടതിക്ക് പോലും ബോധ്യമായി. അതുകൊണ്ടാണ് കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടി അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി നിയന്ത്രിക്കുന്ന ഏജന്‍സിയായിരിക്കണം കേസ് അന്വേഷിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് അന്വേഷണം പ്രഹസനമാക്കരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
