കോഴിക്കോട് എം.പി എം. കെ രാഘവനെതിരായ അഴിമതി ആരോപണം; ഫോറന്‍സിക് പരിശോധന വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് എം.പി എം. കെ രാഘവനെതിരായ അഴിമതി ആരോപണം; ഫോറന്‍സിക് പരിശോധന വേണമെന്ന്  കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോഴിക്കോട് മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും. ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

പുറത്തുവന്ന ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നോയെന്ന് മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എം. കെ രാഘവനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്നലെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ്‌ ചിലവിലേയ്ക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോടികള്‍ ചെലവിട്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എം.പിയും യു.ഡി.എഫ‌് സ്ഥാനാര്‍ത്ഥിയുമായ എം. കെ രാഘവന്‍ പറഞ്ഞിരുന്നു. ഒരു ഉത്തരേന്ത്യന്‍ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ‌് ചെലവുകള്‍ക്ക‌് 5 കോടി രൂപ വാഗ‌്ദാനംചെയ‌്ത ചാനല്‍സംഘത്തോട‌് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എം.പി പറഞ്ഞിരുന്നു.

0Shares