കാസർകോട് നഗരസഭയെ നോക്കുകുത്തിയാക്കി കുറ്റകരമായ നിയമലംഘനങ്ങൾ നടക്കുന്നു; ഉന്നത സ്വാധീനങ്ങളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിശബ്ദർ

You are currently viewing കാസർകോട് നഗരസഭയെ നോക്കുകുത്തിയാക്കി കുറ്റകരമായ നിയമലംഘനങ്ങൾ നടക്കുന്നു; ഉന്നത സ്വാധീനങ്ങളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിശബ്ദർ


ഹാരിസ് മുഹമ്മദ്

കാസർകോട്: നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ പെരുകുമ്പോഴും യാതരുവിധ നിയമ നടപടികളും സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുന്നു. കാസർകോട് നഗരത്തിൽ നിരവധി കെട്ടിടങ്ങളാണ് നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്നത്. ആയിരകണക്കിന് സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വിശാലമായ ഷോറൂമുകൾ ആരംഭിക്കുമ്പോൾ പാലിക്കേണ്ട യാതൊരു നിയമനടപടികളും നടപ്പിലാകുന്നില്ല എന്നതാണ് വസ്തുത. ഇപ്പോൾ നഗരം നേരിടുന്ന വലിയ ഗതാഗതക്കുരുക്കിന് കാരണവും കെട്ടിട നിർമാണ നിയമലംഘനം തന്നെ. ഇക്കാര്യത്തിൽ നഗരസഭയിലെ കെട്ടിട നിർമാണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വൻ അഴിമതിക്ക് കളമൊരുക്കുന്നു. അഗ്നിശമന സേനാ വിഭാഗത്തിൻ്റെ ഉത്തരവുകളും പാലിക്കപ്പെടുന്നില്ല. താലൂക്കിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്ത് പരിഹാരം കണ്ടത്തുന്നതിന് വേണ്ടിയുള്ള താലൂക്ക് സഭാ യോഗങ്ങളിൽ വർഷങ്ങളായി വിഷയം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം പാർക്കിങ് സൗകര്യം നിർബന്ധമെന്നിരിക്കെ പല കെട്ടിടങ്ങളിലും പാർക്കിങ്ങിനുള്ള സൗകര്യം ഇല്ല. നഗരസഭയെ കബളിപ്പിച്ചുകൊണ്ട് കെട്ടിട ഉടമകൾ നടത്തിയ ഗുരുതര നിയമലംഘനത്തിന് ചില ഉദ്യോഗസ്ഥ- രാഷ്ട്രീയ പിന്തുണകളുമുണ്ട്. സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഭരണ സിരാകേന്ദ്രത്തിൽ നിശ്ശബ്ദരാക്കിയിരിക്കുകയാണ്. നഗരസഭയിൽ നിന്നും അനുമതി നേടിയശേഷം പല കെട്ടിടങ്ങളുടെയും പാർക്കിംഗ് സൗകര്യം വെട്ടിച്ചുരുക്കി ചെറുകിട വ്യാപാര സ്ഥാപനങ്ങളാക്കി ലാഭം കൊയ്യുകയാണ് കെട്ടിട മുതലാളിമാർ.ഭൂരിഭാഗം കെട്ടിടങ്ങളുടെയും അടിത്തട്ടിൽ പാർക്കിംഗ് സൗകര്യം നിലവിലില്ല. ഇത് നഗരത്തിൽ വലിയ ഗതാഗത കുരുക്കിനിടയാക്കുന്നു. കെട്ടിടങ്ങളിൽ നിർബന്ധമായും വേണ്ട പാർക്കിംഗ് സൗകര്യത്തെ ഇല്ലാതാക്കിയതോടെ നഗരത്തിലെത്തുന്ന വാഹനങ്ങൾ ദേശിയ പാതയുടെ ഇരു വശങ്ങളിലായി നിർത്തിയിട്ട് നിയമലംഘനത്തിന് വഴിയൊരുക്കുന്നു. ഇതാണ് നഗരത്തിൽ വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നത്. ആംബുലൻസ് ഉൾപ്പെടയുള്ള അവശ്യ യാത്രാ വാഹനങ്ങൾ നിത്യേന ഗതാഗത കുരുക്കിൽ പെടുന്നു. നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ പോലീസ് നടപടി സ്വീകരിക്കുമ്പോൾ ചിലർ പോലീസിനോട് തർക്കിക്കുന്നതും പതിവ് കാഴ്ചയാണ്. കെട്ടിട ഉടമകൾ കാണിക്കുന്ന ഈ നിയമലംഘനമൂലം പ്രതിക്കൂട്ടിലാകുന്നത് സധാരണ ജനങ്ങളാണ്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ വ്യാപാരികളും വലിയ പ്രതിസന്ധി നേരിടുകയാണ്.ഈ നിയമലംഘനത്തിനെതിരെ കണ്ണടക്കുന്ന ഭരണ സംവിധാനത്തിൻ്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാസർകോട് നഗരത്തിലെ കെട്ടിടങ്ങളിൽ നിയമം അനുശാസിക്കുന്ന പാർക്കിങ് സൗകര്യം പരിശോധിക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.  ഇത്തരം കെട്ടിടങ്ങൾക്കെതിരെ നടപടി കൈകൊണ്ടില്ലങ്കിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും വിവിധ സംഘടനകളും.

0Shares