
കാസര്‍കോട്: അടച്ചിട്ട വീടുകള്‍ നോട്ടമിട്ടുള്ള കവര്‍ച്ചകള്‍ വർധിച്ചതോടെ പോലീസ് നിരീക്ഷണം കർശനമാക്കി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വീടുകളിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. രണ്ടിടത്ത് നിന്നും വിലപിടിപ്പുള്ള വാച്ച് മോഷണം പോയി. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ പി.എസ്.എം നാസറിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട് പൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് വീട്ടുകാർ പോയിരുന്നു. ഞായറാഴ്‌ച ഉച്ചയോടെ വീടിൻ്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അയൽക്കാർ ബന്ധുവീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ ആശുപത്രിയില്‍ ആണെന്ന് പറഞ്ഞത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്.

മുന്‍ഭാഗത്തേതടക്കം വീട്ടിലെ നാല് വാതിലുകള്‍ പൊളിച്ച നിലയിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന റോളക്‌സ് വാച്ചാണ് ഇവിടെ നിന്നും കവര്‍ന്നത്. കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
കാസര്‍കോട് കാനറാ ബാങ്കിലെ ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി അമല്‍ മോഹൻ്റെ ചിന്മയ കോളനിയിലെ വീട്ടിലും കവര്‍ച്ച നടന്നു. ക്യാമറയും വാച്ചും ഉള്‍പ്പെടെ 34,000 രൂപയുടെ സാധനങ്ങള്‍ ഇവിടെ നിന്ന് മോഷണം പോയി. അമല്‍ മോഹന്‍ വീട് പൂട്ടി നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അകത്ത് പരിശോധിച്ചപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടച്ചിട്ട വീടുകള്‍ ലക്ഷ്യമിട്ട് രാത്രിയില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ഒരുമാസത്തിനിടെ മൊഗ്രാല്‍പുത്തൂരിലെ മൂന്ന് വീടുകളിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉളിയത്തടുക്ക ഭാഗത്ത് മൂന്ന് വീടുകളിലും കവര്‍ച്ച നടന്നു. അതോടൊപ്പം കടകളുടെ ഷട്ടര്‍ പൂട്ട് പൊളിച്ചും കവര്‍ച്ചകള്‍ പതിവായിട്ടുണ്ട്.
പ്രതികളെ സംബന്ധിച്ച് തുമ്പൊന്നും ലഭിക്കാത്തത് പൊലീസ് അന്വേഷണത്തേയും ബാധിക്കുന്നു.
സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
