
എസ്.ഡി.പി.ഐ ‐ കോണ്‍ഗ്രസ് സംഘർഷത്തിന്‍റെ തുടർച്ചയായി പേരാമ്പ്രയിൽ മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.ഡി.പി.ഐക്കാര്‍ അടിച്ച് തകര്‍ത്തു. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസിന്‍റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്ത നിലയിലാണ്.
നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നത്.
ഇന്നലെ രാത്രിയാണ് അക്രമമുണ്ടായതെന്നാണ് സൂചന. ഇന്നലെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പുതിയ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഉമ്മന്‍ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണം നടത്തിയത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി. സിദ്ദീഖ് ആരോപിച്ചു. പോലീസിന്‍റെ പ്രത്യേക സംഘം സംഭവം അന്വേഷിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍ നിന്ന് എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ എസ്.ഡി.പി.ഐ പ്രകടനവുമുണ്ടായി.
