ടൈറ്റനിലെ അഞ്ചുജീവനുകളെ രക്ഷിക്കാനാകുമോ? കടലിനടിയിലെ മലനിരകളും മോശം കാലാവസ്ഥയും വെല്ലുവിളി; ഓക്‌സിജന്‍ തീർന്നുകാണും, പ്രാര്‍ഥനയോടെ ലോകം

  • Post category:international / news
  • Reading time:2 mins read
You are currently viewing ടൈറ്റനിലെ അഞ്ചുജീവനുകളെ രക്ഷിക്കാനാകുമോ? കടലിനടിയിലെ മലനിരകളും മോശം കാലാവസ്ഥയും വെല്ലുവിളി; ഓക്‌സിജന്‍ തീർന്നുകാണും, പ്രാര്‍ഥനയോടെ ലോകം

ലണ്ടന്‍: ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം.

ബ്രിട്ടീഷ് സമയം അനുസരിച്ച്‌ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ തീർന്നുവെന്ന നിഗമനത്തിലാണ്. എങ്ങനെയെങ്കിലും സഞ്ചാരികളെ കണ്ടെത്തി രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. അതിനിടെ കടലിനടിയിലെ മലനിരകളും കാലാവസ്ഥ മാറ്റവും തിരച്ചിലിന് പ്രതികൂലമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തിരച്ചില്‍ നടത്തുന്ന പ്രദേശത്തിൻ്റെ വ്യാപ്‌തി വര്‍ധിപ്പിച്ചിട്ടുണ്ട്. നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആഴത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കടലിൻ്റെ അടിയില്‍ നിന്ന് നിരന്തരം കേട്ട മുഴക്കം സഞ്ചാരികളെ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയില്‍ തിരച്ചില്‍ നടത്തുന്ന ദൗത്യസംഘത്തിന് ആവേശം പകര്‍ന്നിരുന്നു. എന്നാല്‍ സമുദ്രത്തില്‍ മുഴക്കത്തിൻ്റെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ, ടൈറ്റന്‍ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. പേടകം ജലോപരിതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയര്‍ന്നു വന്നാല്‍ത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ മറൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലിസ്റ്റെയര്‍ ഗ്രേഗ് അഭിപ്രായപ്പെട്ടു.

പേടകം പുറത്തുനിന്ന് ബോള്‍ട്ടുപയോഗിച്ച്‌ അടച്ച നിലയിലാണ്. പുറത്തുനിന്ന് തുറക്കാതെ യാത്രികര്‍ക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിൻ്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയിലാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകും. അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും പ്രതിസന്ധിയാകും. രണ്ട് മൈലോളം ആഴത്തിലായതിനാല്‍ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

‘ഓഷന്‍ ഗേറ്റ് ടൈറ്റന്‍’ സമുദ്രപേടകത്തിന് ഇന്ത്യന്‍ സമയം ഞായറാഴ്‌ച ഉച്ചയ്ക്ക് 3.30നാണ് മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോള്‍ നാല് ദിവസത്തേക്കുള്ള ഓക്‌സിജനാണ് പേടകത്തിലുണ്ടായിരുന്നത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് അതു തീർന്നു കാണും.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി എന്‍ഗ്രോയുടെ വൈസ്. ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിൻ്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിനുള്ളില്‍.

കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം യു.എസ് കോസ്റ്റ്ഗാര്‍ഡും ഫ്രാന്‍സും പങ്കെടുക്കുന്ന തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ഡീപ് എനര്‍ജി എന്ന കപ്പലും കോസ്റ്റ്ഗാര്‍ഡിൻ്റെ രണ്ട് സി- 130 വിമാനങ്ങളും അരിച്ചു പെറുക്കുന്നുണ്ട്.

0Shares