വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതിയും ഭര്‍ത്താവും പൊലിസില്‍ കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതിയും ഭര്‍ത്താവും പൊലിസില്‍ കീഴടങ്ങി

കണ്ണൂര്‍: കോടിക്കണക്കിന് രൂപവിലവരുന്ന സ്വത്ത് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ അഭിഭാഷകയും ഭര്‍ത്താവും കീഴടങ്ങി. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് മുന്നില്‍ കീഴടങ്ങിയത്. ശൈലജ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസംഹൈക്കോടതി തള്ളിയിരുന്നു. മുന്‍ സഹകരണ രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ശൈലജയും സഹോദരിയുംവ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. ശൈലജയുടെ സഹോദരി ജാനകി, ബാലകൃഷ്ണനെ വിവാഹം ചെയ്തെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ജാനകിയെ പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാനകിയുടെ പേരില്‍ സ്വന്തമാക്കിയ സ്വത്ത് ശൈലജ പിന്നീട് തന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.പരിയാരം അമ്മാനപ്പാറയില്‍ ബാലകൃഷ്ണനെ ജാനകി വിവാഹം ചെയ്തെന്ന വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുത്തതിനടക്കം തെളിവുകളുണ്ട്. വിവാഹത്തിന്റെ വ്യാജരേഖകള്‍ തയ്യാറാക്കി വില്ലേജ് ഓഫീസറേയും തഹസില്‍ദാരെയും തെറ്റിദ്ധരിപ്പിച്ച് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നേടി. ഇതുപയോഗിച്ച് ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു. ബാലകൃഷ്ണന്റെ ആറ് ഏക്കര്‍ സ്ഥലം ഷൈലജയുടെ പേരിലാക്കി. ബാങ്ക് അക്കൗണ്ടില്‍നിന്ന് 66,000 രൂപയും പിന്‍വലിച്ചു. പെന്‍ഷന്‍ തുകയായി മാസം 10,800 രൂപവീതം പന്ത്രണ്ടരലക്ഷം രൂപയും ഇവര്‍ സ്വന്തമാക്കി. തുക കൈക്കലാക്കിയത് ഷൈലജയാണെന്നാണ് ജാനകി മൊഴി നല്‍കിയത്. അതേസമയം എല്ലാം കള്ള കേസുകളാണെന്നും വാദി പ്രതിയാകുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

0Shares