കാസർകോട്: നീലേശ്വരം നഗരസഭയുടെ അഭിമാന പദ്ധതിയായ ചിറപ്പുറം മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നിന്നും സംസ്കരിച്ചെടുത്ത 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. നഗരസഭയിലെ 32 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത പ്ലാസ്റ്റിക്, പ്ലാന്റിലെ ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ പൊടിച്ചെടുത്ത് സംഭരിക്കുകയായിരുന്നു. ഇങ്ങനെ പൊടിച്ച ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുവാനാണ് കൈമാറ്റം നടന്നത്.
വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ചിറപ്പുറത്തെ മാലിന്യ സംസ്കരണ കേന്ദ്രം കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇവിടെ ആധുനിക സംവിധാനത്തില്‍ തുടങ്ങിയതില്‍ നിന്നും സംസ്കരിച്ചെടുത്ത ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പ്പന്നത്തിൻ്റെ ആദ്യ ലോഡാണ് ഇപ്പോള്‍ കയറ്റി അയച്ചിരിക്കുന്നത്. ചിറപ്പുറം പ്ലാന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാാരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്, പി.എം. സന്ധ്യ, എ.കെ. കുഞ്ഞികൃഷ്ണന്, പി.പി. മുഹമ്മദ് റാഫി, പി. രാധ എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ പി വി. രാധാകൃഷ്ണന്, കെ പി. കരുണാകരന്, പി ഭാര്‍ഗ്ഗവി, എം വി വനജ, എ വി സുരേന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഫീക്ക്, ജെ.എച്ച്.ഐ. മാരായ ടി വി. രാജന്, ഇ രൂപേഷ്, ക്ലീന്‍ കേരള കമ്പനി പ്രതിനിധി കെ മിഥുന്, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫെണ്ടേഷനിലെ ജൂനിയര്‍ എഞ്ചിനീയര്‍ എന്‍ കിരണ്‍, ജൂനിയര്‍ പ്രോഗ്രാം ഓഫീസര്‍ ടി വി കീര്‍ത്തി, ഹരിത കര്‍മ്മസേന അംഗങ്ങള്‍പങ്കെടുത്തു.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണൻ്റെ നേതൃത്തില്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഫീക്കിൻ്റെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരുടേയും കൂട്ടായ്മയിലാണ് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി നീലേശ്വരം നഗരസഭ പ്ലാസ്റ്റിക്ക് മാലിന്യത്തില്‍നിന്നും റോഡ് നിര്‍മ്മാണത്തിനായി പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നം നല്‍കുന്നത്.