കാസര്‍കോട്: ഇരു വൃക്കകളും തകരാറിലായ പള്ളിക്കര പഞ്ചായത്തിലെ പാക്കം വെളുത്തോളിക്ക് സമീപത്തെ രാഘവന് കരുവാക്കോട് (55) ചികിത്സാസഹായത്തിനായ് പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയം സംഘടിപ്പിച്ച കാരുണ്യ സംഗീതയാത്രയ്ക്ക് സമാപനം. പത്തുദിവസങ്ങളിലായി നടത്തിയ യാത്രയിലൂടെ സ്വരൂപിച്ച ഒരുലക്ഷത്തി പതിനഞ്ചായിരത്തി നൂറ്റിമുപ്പതു രൂപ രാഘവന് കരുവാക്കോടിന് കൈമാറി. കാരുണ്യ സംഗീത യാത്രയില്‍ പങ്കെടുത്തവര്‍ക്ക് ശ്രുതി സംഗീത വിദ്യാലയം പ്രത്യേക ആദരവും, അനുമോദനവും നല്കി. പരിപാടി സംഗീതജ്ഞന് കല്‍മാഡി സദാശിവ ആചാര്യ ഉദ്ഘാടനം ചെയ്തു.
രത്നാകരന് നായര്‍ അദ്ധ്യക്ഷനായി. മനോഹരന് ആചാരി, ശ്രുതി വാരിജാക്ഷന്‍, ശ്രീജാവിജയന്, ശ്രുതി മധു, രാജു, സുനില്‍കുമാര്‍, ആര്.പി രാധാകൃഷ്ണന്, റഫീഖ് മണിയങ്ങാനം, രാധാകൃഷ്ണന്, ബാലകൃഷ്ണന് കരിമ്പാല തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനു ശേഷം ഗാനമേളയും അരങ്ങേറി.
രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന രാഘവന് കരുവാക്കോട് ഒരു വര്‍ഷമായി വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലാണ്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്. ഇതിനുതന്നെ ഭീമമായ തുക ചെലവാകുന്നുണ്ട്. ഉടന്‍ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഒരുകൈതാങ്ങായി ശ്രുതി വാരിജാക്ഷന്റെ നേതൃത്വത്തില്‍ ശ്രുതി സംഗീത വിദ്യാലയം വിവിധ ഗായകരെ പങ്കെടുപ്പിച്ച് സംഗീത യാത്ര സംഘടിപ്പിച്ചത്.
രാഘവന് കരുവാക്കോടിൻ്റെ ചികില്‍സയ്ക്കായുള്ള കാരുണ്യ സംഗീതയാത്രയ്ക്ക് സമാപനം