കാസര്‍കോട്: കുഴല്‍കിണര്‍ നിര്‍മാണത്തിന് എത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവീടുകളും ഗുളികന് തറയുടെ മതിലും തകര്‍ന്നു. സംഭവസമയം വീട്ടുകാര്‍ പറത്തായതിനാല് വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പെട്ട ലോറിയുടെ ഡ്രൈവറെ പിന്നീട് രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് ബാര ഞെക്ലി കോട്ടക്കുന്ന് റോഡിലെ പൂത്തകുണ്ടിലാണ് സംഭവം നടന്നത്. അയ്യപ്പ ബോര്‍വെല്‍ ഏജന്‍സിയുടെ ലോറിയാണ് മറിഞ്ഞത്. ചെമ്മണ്‍പാതയിലെ ഇറക്കത്തില്‍ ലോറി പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിക്കുമുകളിലുണ്ടായിരുന്ന ഏഴ് തൊഴിലാളികള്‍ താഴെയിറങ്ങി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കിയതിനാല് ഇവരും അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. സ്ഥലത്തെ മൂകാംബിക ഗുളികന് തറയുടെ മതിലില്‍ ഇടിച്ച ലോറി പിന്നീട് അമ്പുവിന്റെ ഓടിട്ട വീടിനും സരോജിനിയുടെ കോണ്‍ക്രീറ്റ് വീടിനും മേല്‍ പതിക്കുകയായിരുന്നു. കുഴല്‍കിണര്‍ യന്ത്രഭാഗങ്ങളും പൈപ്പുകളും അമ്പുവിന്റെ വീടിന് മുകളില്‍ മറിഞ്ഞ നിലയിലാണ്.
ഈ വീടിന്റെ പിറകുവശത്തെ അടുക്കളയോട് ചേര്‍ന്ന ഭാഗത്താണ് ഏറെയും നാശനഷ്ടമുണ്ടായത്. സരോജിനിയുടെ വീടിന്റെ മുന്‍ഭാഗത്തെ വരാന്തയടക്കം ലോറിയിടിച്ച് തകര്‍ന്നു. സരോജിനിയുടെ വീടിന്റെ വരാന്തയില്‍ നിന്നിരുന്ന മകള്‍ ഗംഗാവതിയും മക്കളായ ശ്രീഷ്മയും രാഹുലും അപകടത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ പുറത്തിറങ്ങിയിരുന്നു. ശബ്ദം കേട്ട് ഇവര്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും ലോറി വരാന്തയിലേക്ക് പതിച്ചിരുന്നു. ലോറി ഡ്രൈവര്‍ തമിഴ്നാട് കരൂര്‍ സ്വദേശി പ്രകാശിന് (28) പരിക്കേറ്റു. പ്രകാശിനെ കാബിന് വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വേനല്‍ കടുത്തതോടെ കുഴല്‍ കിണറുകള്‍ക്ക് നിരോധനം വരുന്നതറിഞ്ഞാണ് ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. മിക്ക ലോറികളും രാത്രിയിലാണ് കിണര്കുഴിക്കാനെത്തുന്നത്.
കുഴല്‍കിണറുകള്‍ക്ക് നിയന്ത്രണം വരുന്നതിന് മുമ്പേ ലോറികളുടെ മരണപ്പാച്ചല്; ബാരയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവീടുകളും തകര്‍ത്തു; അപകടസമയം വീടുകളില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി