കാസര്‍കോട്: കരാര്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള തെറ്റായ ജി.എസ്.ടി നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ഈമാസം 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എ.കെ.ജി.സി.എ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള എസ്റ്റിമേറ്റ് തുകയുടെ ബില്ലില്‍ നിന്നും 12 ശതമാനം ജി.എസ്.ടി നല്കണമെന്നുള്ളത് തികച്ചും അസാധ്യമായ കാര്യമാണ്. സര്‍ക്കാര്‍ ഒരു പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് സാധനസാമഗ്രികളുടെ മാര്‍ക്കറ്റ് വിലയും കടത്തുകൂലിയും പണിക്കൂലിയും അതിന്റെ കൂടെ കരാറുകാരുടെ ലാഭവിഹിതമായ 10 ശതമാനവും ഉള്‍പ്പെടുത്തിയാണ്. ഇതില്‍ നിന്നും നിലവില്‍ നാല് ശതമാനം വാറ്റ് ഇനത്തില്‍ കരാറുകാരില്‍ നിന്നും പിടിച്ചുകൊണ്ടിരിക്കുന്നതുമാണ്. 12 ശതമാനം ജി.എസ്.ടി. വരവോട് കൂടി കരാറുകാരുടെ 10 ശതമാനം ലാഭവിഹിതത്തിന്് പുറമെ, സ്വന്തം കീശയില്‍ നിന്നും രണ്ട് ശതമാനം കൂട്ടി നികുതിയടക്കേണ്ട ഗതികേടിലാണ് കരാറുകാരെന്ന് നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം ധനകാര്യവകുപ്പ് മന്ത്രി അധികം വരുന്ന നികുതി തുക സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്കിയിട്ടുള്ളതുമാണ്.
എന്നാല്‍ മാസം രണ്ട് കഴിഞ്ഞിട്ടും ഈക്കാര്യത്തില്‍ ഗവണ്മെന്റ് ഉത്തരവുണ്ടായിട്ടില്ല. കൂടാതെ കാലങ്ങളായി പരിഹരിക്കാതെ കിടക്കുന്ന കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെപ്തംബര്‍ 19ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ.കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് കലക്ടറേറ്റി മുന്നിലേക്ക് മാര്‍ച്ച് നടത്തുവാന്‍ ജില്ലയിലെ കരാറുകാരുടെ സംയുക്തസമരസമിതി തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ജി.എസ്.ടി മൂലം അധികമായി വരുന്ന തുക സര്‍ക്കാര്‍ വഹിക്കുക, ജി.എസ്.ടി മാസാമാസം കണക്ക് ഹാജരാക്കണമെന്ന നിബന്ധന ഉപേഷിക്കുക, ജി.എസ്.ടി. തുക മുന്‍കൂറായി അടക്കണമെന്നും, ബില്ലുകള്‍ ഹാജരാക്കണമെന്നും ഉള്ള നിയമം എടുത്തുകളയുക, ടാറുകള്‍ക്ക് ഉണ്ടാകുന്ന വിലവ്യത്യാസം അനുവദിക്കുക, നിര്‍മ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവ് തടയുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും മാര്‍ച്ച്. വാര്‍ത്താ സമ്മേളനത്തില്‍ എ.കെ.ജി.സി.എ ജില്ലാ പ്രസിഡണ്ട് കെ മൊയ്തീന്‍കുട്ടി ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എം. കൃഷ്ണന് നായര്‍, ജില്ലാ ട്രഷറര്‍ ബി. ഷാഫി ഹാജി, ജനറല്‍ സെക്രട്ടറി ശ്രീകണ്ഠന് നായര്‍, യൂത്ത് വിംഗ് ഉപദേശക അംഗം നിസാര്‍ കല്ലട്ര, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി മാര്‍ക്ക് മുഹമ്മദ്, സംയുക്ത സമരസമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എ. നാസര്‍, ജാസിര്‍ ചെങ്കള, അഷ്റഫ് പെര്‍ള, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി സംബന്ധിച്ചു.