കാസര്‍കോട്: അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായുള്ള സര്‍വേ കാസര്‍കോട് ജില്ലയില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 31 നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. 4000 ത്തില്‍ പരം തൊഴിലാളികളുടെ വിവര ശേഖരണം ജില്ലാ ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ നടത്തിക്കഴിഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായ് ഉദ്യോഗസ്ഥര്‍ രാപ്പകലെന്നോ ഭേദമില്ലാതെ തൊഴിലാളികളുടെ വിവരം ശേഖരിച്ചുവരികയാണെന്ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫിസര്‍ കേശവന് പറഞ്ഞു. ഇനി വിവരശേരണം നടത്താനുള്ള തൊഴിലാളികളെ കരാറുകാര്‍ തന്നെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന 18 നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളെയാണ് ഉള്‍പ്പെടുത്തുന്നത്. അംഗമാകുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയുടെ സൗജന്യ ചികില്‍സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍നിന്നും ലഭ്യമാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനാണ് ‘ആവാസ്’ നടപ്പാക്കുന്നത്. ഇതിലൂടെ തൊഴിലാളികള്‍ക്ക് രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.ആരോഗ്യ ഇന്‍ഷ്വറന്‍സിനൊപ്പം അപകട പരിരക്ഷ കൂടി ഉറപ്പാക്കും.
പദ്ധതി അംഗങ്ങള്‍ക്കായി രണ്ട് തലത്തില്‍ പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കും. തൊഴില്‍ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയില്‍ അംഗമായ തൊഴിലാളി മരണമടയുന്ന പക്ഷം അവകാശിക്ക് 2,00,000 രൂപയുടെ ധനസഹായം ലഭിക്കും. പദ്ധതിയില്‍ തൊഴിലാളികളെ ചേര്‍ക്കുന്നതിന് ഇതരസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിക്കുന്ന വ്യാപാര വാണിജ്യ സ്ഥാപനയുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍, മറ്റ് തൊഴിലുടമകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീട്, ലോഡ്ജ് എന്നിവ വാടകയ്ക്ക് നല്കിയിട്ടുളളവര്, എന്‍.ജി.ഒ. സംഘടനകള്‍ തുടങ്ങിയവരില്‍ നിന്ന് ബന്ധപ്പെട്ട തൊഴിലാളികളുടെ എണ്ണവും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്നുണ്ട്.
