കാസര്‍കോട്: നാടകം രക്തത്തില്‍ അലിഞ്ഞ കാടകത്തുനിന്ന് നാടകത്തിലൂടെ വെള്ളിത്തിരയിലേക്ക് കടക്കുകയാണ് അവിടത്തെ കുറെ കുട്ടികള്‍. സംസ്ഥാന സ്കൂള്കലോത്സവത്തിലേക്ക് ഹൈസ്കൂള്‍വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ‘മൊറച്ചി’എന്ന നാടകത്തിലൂടെ ഏറ്റവും നല്ല നടിക്കുള്ള അംഗീകാരം നേടിയ എം.വി.അനുമിതയും അഭ്രപാളിയിലെത്തുന്നു. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനുമിത.
ആ പെണ്‍കുട്ടിയുടെ അഭിനയ മികവിനെക്കുറിച്ച് പറയാതെ വയ്യ. നിമിഷനേരം കൊണ്ട് വിവിധ ഭാവങ്ങള്‍ ആമുഖത്ത് വിരിഞ്ഞുവരുന്നത് കണ്ടാല്‍ അറിയാം അത് അഭിനയിക്കുകയല്ല, കഥാപാത്രങ്ങളായി ജീവിക്കുകയാണെന്ന്. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത ‘ചന്ദ്രഗിരി’ എന്ന സിനിമയില്‍ അനുമിത മികച്ച കഥാപാത്രമായി അഭിനിയിക്കുന്നുണ്ട്. നാടക തട്ടകമായ കാടകത്ത് നിന്ന് ഏഴ് കുട്ടികളാണ് സിനിമയില്‍ അഭിനയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതഭൂമിയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണ്.
ചെമ്മനാട് സ്കൂളില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ നാടകമാണ് ‘മൊറച്ചി’. സുരേഷ് കുട്ടിരാമന്റെ കഥയെ ആസ്പദമാക്കി ബിനീഷ് അഗേരി രചിച്ച നാടകം സംവിധാനം ചെയ്തത് തൃശ്ശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരനും കാറഡുക്ക സ്വദേശിയുമായ പ്രവീണ്‍ കാടകമാണ്. സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവന്റെ കഥയാണ് ‘മൊറച്ചി’. ആര്‍ക്കും വേണ്ടാതെ തള്ളുന്ന മുറത്തിന്റെ കഥപറയുന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായ തളിയായി അഭിനയിച്ചത് അനുമിതയാണ്. അധ്യാപകരുടെ പ്രോത്സാഹനമാണ് അഭിനയം തുടരാന്‍ കാരണമായതെന്ന് അനുമിത പറയുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയമോഹമുദിക്കുന്നത്. പല നാടക അഭിനയ ക്യാമ്പിലും പങ്കെടുത്തിരുന്നു.
ഏഴാംക്ലാസില്‍ ‘പുള്ളിക്കുട’ എന്ന നാടകത്തിലെ അഭിനയത്തിന് നല്ല നടിക്കുള്ള പുരസ്കാരം ജില്ലാതലത്തില്‍ ലഭിച്ചിരുന്നു. പഠനത്തിലും ഏറെ മികവ് കാട്ടുന്ന അനുമിത നല്ലൊരു ഗായികയുമാണ്. കാറഡുക്ക മുണ്ടോള്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിന് സമീപത്ത് മോഹനന്റെയും പ്രഭയുടെയും മകളാണ്. ഇരിയണ്ണി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ അനീഷ് ആണ് സഹോദരന്.
സിനിമാ പെരുമയ്ക്ക് ഇനി കാടകവും; ജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ മികച്ച നടിക്കുള്ള അംഗീകാരം നേടിയ അനുമിതയും കൂട്ടുകാരും ഇനി വെള്ളിത്തിരയിലേക്കും