
കാസർകോട്: രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേള ചൊവ്വാഴ്ച സമാപിക്കും. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് കൂടിയാണ് ചലച്ചിത്ര നഗരി. കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ മൂന്നാം ദിവസമായ ഇന്ന് ചലച്ചിത്രമേളയുടെ ഭാഗമായി ഹൃസ്വ ചിത്ര മത്സരത്തിന് വന്ന ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 11 ഹൃസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.

മികച്ച മൂന്ന് ചിത്രങ്ങൾക്കും നടൻ, നടി, സംവിധായകൻ, ഛായാഗ്രഹകൻ, തിരക്കഥാകൃത്ത് എന്നിവർക്കുള്ള അവാർഡുകൾ സമാപന ചടങ്ങിൽ വിതരണം ചെയ്യും. ജൂറി അംഗങ്ങളായ സംവിധായകൻ ജിയോബേബി, അനുരാജ് മനോഹർ തുടങ്ങിയവർ സംസാരിക്കും. കുഞ്ഞുദൈവം, ഒരു രാത്രി ഒരു പകൽ, ടാന്ന, ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക് എന്നീ ചിത്രങ്ങളാണ് രണ്ടാം ദിവസം പ്രദർശിപ്പിച്ചത്.
ചലച്ചിത്ര പ്രവർത്തക അനു ചന്ദ്ര, സംവിധായകൻ പ്രതാപ് ജോസഫ് എന്നിവർ ഓപ്പൺ ഫോറങ്ങളിൽ സംവദിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് അക്ഷരാർത്ഥത്തിൽ കാഴ്ചയുടെ മേളം തന്നെ ഒരുക്കിയാണ് രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാനിക്കുന്നത്. നല്ല സിനിമകൾ എല്ലാവരിലേക്കും എന്ന സന്ദേശം മുൻ നിർത്തിയാണ് കാസർകോടിനൊരിടം ഫ്രയിംസ് എന്ന പേരിൽ മേള സംഘടിപ്പിച്ചത്.
