മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണ ശ്രമം.

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണ ശ്രമം.

കോട്ടയം: വഴിതടയല്‍ സമരത്തിന് തെരുവ് നായ്ക്കള്‍!.തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ വഴി തടഞ്ഞിട്ട് ആക്രമിച്ചു. കോട്ടയം ടിബി റോഡിലാണ് തെരുവ് നായ്ക്കളുടെ ഇത്തരത്തിലുള്ള വഴി തടയല്‍ സമരം അരങ്ങേറിയത്. കോയമ്പത്തൂരില്‍ നിന്ന് ചെന്നൈ മെയിലില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു ഉമ്മന്‍ചാണ്ടി. കൊല്ലാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോണാണ് ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ കാറുമായി എത്തിയത്. കാറില്‍ ടിബിയിലേക്ക് പോകുന്നതിനിടെയാണ് തെരുവുനായ്ക്കളുടെ ആക്രമണ ശ്രമം ഉണ്ടായത്. കാറിന്റെ ചില്ല് താഴ്ത്തിവെച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കാറിനുനേരെ ഇരുപത്തഞ്ചോളം വരുന്ന തെരുവു നായ കൂട്ടം കുരച്ചുകൊണ്ട് ഓടിയടുക്കുകയായിരുന്നു.

തെരുവ് നായ്ക്കളുടെ വഴിതടയിലിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം ഉമ്മന്‍ചാണ്ടി റോഡില്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങി. തുറന്നു വെച്ചിരുന്ന ചില്ലിലൂടെ തെരുവു നായ ഉയര്‍ന്ന് കുരച്ചുചാടുകയും രണ്ട് നായ്ക്കള്‍ ബോണറ്റില്‍ കയറി നിന്ന് കുരയക്കുകയും ചെയ്തുകൊണ്ടിരുന്നു. വേഗം തന്നെ ഡോറിലെ ചില്ല് കയറ്റി വെക്കാന്‍ പറ്റിയത് കൊണ്ട് മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് നായയുടെ കടി ഏല്‍ക്കാതിരുന്നത്. നായ്ക്കള്‍ മാറാന്‍ കൂട്ടാക്കാതെ നിന്നതോടെ അവസാനം ഹോണ്‍ തുടരെ മുഴക്കിയാണ് ഇവയെ അകറ്റി കാര്‍ ടിബിക്കുള്ളിലേക്ക് കേറ്റി. എന്നാല്‍ കലി തീരാതെ പിന്നാലെ ഓടിയടുത്ത നായ്ക്കളെ റെസ്റ്റ് ഹൗസ് ജീവനക്കാരെത്തി കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു.

0Shares