മഹാരാജാസില്‍ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ല; എസ്.ഡി.പി.ഐയും ആര്‍.എസ്.എസും ഒരു നാണയത്തിന്‍റെ ഇരുവശങ്ങള്‍: കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാജാസില്‍ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ല; എസ്.ഡി.പി.ഐയും ആര്‍.എസ്.എസും  ഒരു നാണയത്തിന്‍റെ ഇരുവശങ്ങള്‍: കോടിയേരി ബാലകൃഷ്ണന്‍

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലനടത്തിയത് എസ്.ഡി.പി.ഐക്കാരാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസില്‍ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാവക്കാട് കൊലപാതകം എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എസ്.ഡി.പിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസിന്റെ വീഴ്ചയാണ് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. എസ്.ഡി.പി.ഐയെ നിയമപരമായി നേരിടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്നാണ് കെ. സുധാകരന്‍ എം.പി പറഞ്ഞു. എസ്.ഡി.പി.ഐ യുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

0Shares