തിരുവനന്തപുരം: കാസര്‍കോട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ മദ്രസാധ്യാപകന് റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജനകൂട്ടായ്മയുടെ നേത്യത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണാസമരം പി.സി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായ കുറ്റപത്ര സമര്‍പ്പണത്തിന് മുമ്പ് തന്നെ പ്രഗത്ഭനായ അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക,1992 മുതല്‍ കാസര്‍കോട്ട് നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളെക്കുറിച്ചും, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചും മുന്‍കാല പ്രാബല്യത്തില്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, കാസര്‍കോടിന്റെ ശാശ്വത സമാധാനം നടപ്പില്‍ വരുത്തുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സമാധാന യോഗം വിളിച്ച് ചേര്‍ത്ത് സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണാ സമരം നടത്തിയത്. 
സമരത്തില്‍ എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്,പി.ബി.അബ്ദുല്‍ റസ്സാക്ക്, കെ.കുഞ്ഞിരാമന്, എം.രാജഗോപാല്‍, നടന് മുകേഷ്, എം.കെ.മുനീര്‍ , ഐ.ബി.ഈഡന്, അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ്, പി.ടി.റഹീം, മഞ്ഞളാംകുഴി അലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവരും കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.