പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിൽ എത്തും; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിൽ എത്തും; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക​ ​ഗാന്ധി എം.പി നാളെ എത്തും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിന് ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയൻ്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും. പിന്നാലെ ഡല്‍ഹിക്ക് മടങ്ങും. രാധയെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

കടുവയ്ക്കായി വനംവകുപ്പും പൊലീസും വലവിരിച്ച് കാത്തിരിക്കെ ഇന്ന് രാവിലെ വയനാട് പിലാക്കലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയ നരഭോജി കടുവ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്ന് രാധയുടെ ശരീരാവശിഷ്ടങ്ങളും കമ്മലും സാരിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു.

0Shares