ബി.ജെ.പി കേരളാ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം വൈകില്ല;, ജില്ലാ അധ്യക്ഷന്മാരെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്രത്തിന്‍റെ അതൃപ്തി

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി കേരളാ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം വൈകില്ല;, ജില്ലാ അധ്യക്ഷന്മാരെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്രത്തിന്‍റെ അതൃപ്തി

ഗ്രൂപ്പുവഴക്കിന് തടയിടാൻ ബി.ജെ.പി കേന്ദ്രകമ്മിറ്റി നൽകിയ തിരഞ്ഞെടുപ്പ് മാർഗനിർദേശം ചില ജില്ലകളിൽ ലംഘിച്ചതായി ആരേ‍ാപണം. ഇതേചെ‍ാല്ലി കേ‍ാട്ടയം, ഇടുക്കി, എറണാകുളം, കാസർകേ‍ാട്, കണ്ണൂർ ജില്ലകളിലെ അനുരജ്ഞന ചർച്ചയിൽ തർക്കമുണ്ടായി. ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ ബി.ജെ.പിയിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള അവകാശവാദവും മാനദണ്ഡത്തിനു വിരുദ്ധമായി തിരഞ്ഞെടുപ്പ് നടത്തിയെന്ന ആരേ‍ാപണവുമാണ്.

ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം ഗ്രൂപ്പടിസ്ഥാനത്തിൽ അവകാശപ്പെട്ട് ചില സംസ്ഥാന നേതാക്കൾ നടത്തിയ നീക്കങ്ങളും കേന്ദ്രകമ്മിറ്റിയെ ചെ‍ാടിപ്പിച്ചു. സംഘടനാ തീരുമാനമനുസരിച്ച് പ്രഖ്യാപനം നാല് ദിവസം മുൻപ് നടക്കേണ്ടിയിരുന്നു. ദേശീയ നേതാക്കളായ നളിൻകാട്ടീൽ, എച്ച്.രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. വെള്ളിയാഴ്ച നടന്നചർച്ചയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ജില്ലാതല പ്രഖ്യാപനം ഉണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകുമെന്നു സൂചനയുണ്ട്.

സംസ്ഥാന പ്രസിഡന്റ് സമാവയ ചർച്ചയിൽ ആര്‍.എസ്.എസ് അഭിപ്രായംകൂടി കണക്കിലെടുത്തുളള സാധ്യതാപട്ടിക കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. ജില്ലാതലപട്ടിക വിശദമായി പരിശേ‍ാധിക്കാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണ് പ്രഖ്യാപനം നീളാൻ കാരണം. അപാകതകളിൽ അതൃപ്തി രേഖപ്പെടുത്തിയ നേതൃത്വം, സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപന ശേഷം ജില്ലാ പ്രസിഡന്റുമാർ എന്ന നിലപാടിൽ എത്തിയെങ്കിലും പിന്നീട് അയഞ്ഞു.

എറണാകുളത്ത് മൂന്നു മാസം മുൻപാണ് ജില്ലാ പ്രസിഡന്റ് സ്ഥാനമേറ്റത് എന്നതിനാൽ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ വ്യക്തിയെ അംഗീകരിക്കില്ലെന്നാണ് ഒരു സംസ്ഥാന നേതാവിന്‍റെ നിലപാട്. മറ്റുജില്ലകളിൽ ഗ്രൂപ്പ് സംഘം ശക്തമായി രംഗത്തെത്തിയതാണ് പ്രശ്നത്തിനു കാരണം. വേ‍ാട്ട് കൂടുതൽ നേടിയതു കെ‍ാണ്ടുമാത്രം ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ അറിയിപ്പെങ്കിലും അവരെ ഒഴിവാക്കാൻ വ്യക്തമായ കാരണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

0Shares