
തൃശൂര്‍: വനം മന്ത്രി കെ.രാജുവിനെതിരെ വിമര്‍ശനവുമായി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്കുമാര്. തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ ജില്ലയില്‍ ആഴ്ച്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിക്കാമെന്ന് തീരുമാനം മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ആനയുടമകളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ തീരുമാനം മന്ത്രി അട്ടിമറിച്ചെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

കൂടിയാലോചനകളില്ലാതെയാണ് വനം മന്ത്രി തീരുമാനം മാറ്റിയത്. മന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഇത് രാഷ്ട്രീയമായിട്ടല്ല പറയുന്നതെന്നും ഗണേഷ്കുമാര് പറഞ്ഞു. ആന ഉടമ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് കെ.ബി ഗണേഷ് കുമാര്‍. അതേസമയം തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ വിലക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധബുദ്ധിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആനയെ നാളെ ഇറക്കണമെന്ന് കോടതി പറയുകയാണെങ്കില്‍ അതിനനുസരിച്ച ക്രമീകരണം സര്‍ക്കാര്‍ ഒരുക്കികൊടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
