
തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിനായി തെച്ചിക്കോട്ട് രാമച്ചന്ദ്രനെത്തി. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റിയ രാമചന്ദ്രന്‍ തെക്കേ ഗോപുര വാതില്‍ തള്ളി തുറന്നാണ് വിളംബരം നടത്തിയത്. വിലക്ക് നീക്കിയ രാമചന്ദ്രന് 9.30 മുതല്‍ 10.30 വരെ മാത്രമേ എഴുന്നള്ളിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, 10.40ഓടെയാണ് രാമചന്ദ്രന്‍ ഗോപുര൦ തള്ളി തുറന്ന് വിളംബരം നടത്തിയത്.

നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നിടുന്നതോടെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായിരിക്കുകയാണ്. ആനയുടെ പത്തുമീറ്റര്‍ അകലത്തില്‍ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്ന നിബന്ധന പൂര്‍ണമായി പാലിക്കപ്പെടാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ആളുകളെ നിയന്ത്രിക്കാനാവശ്യമായ പോലീസ് സംവധാനം ഇവിടെയില്ല എന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. തെക്കേഗോപുരനട തുറന്നുകഴിഞ്ഞാലുടന്‍ ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വൻ ജനാവലിയാണ് പൂരവിളംബര ചടങ്ങ് കാണാനായി തേക്കിൻകാട് മൈതാനിയില്‍ എത്തിയത്.
