
പീതാംബരൻ കുറ്റിക്കോൽ
കാസർകോട് / കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ ആയിരം കണ്ണുമായി സുരേഷേട്ടന്‍ സോഷ്യല്‍ മീഡിയയിലും തരംഗമായി മാറുകയാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച മികവുറ്റ കലാകാരനായ രാജേഷ് മാധവന്‍ ഇതിനോടകം തന്നെ മലയാള സിനിമയില്‍ തൻ്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
സിനിമയിൽ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്താന്‍ ഒരു പോലീസുകാരന്‍ ആവശ്യപ്പെടുമ്പോള്‍. കോടതിയില്‍ വരാന്‍ ഡേറ്റ് ഇല്ലെന്നും അന്ന് കാമുകിയ്‌ക്കൊപ്പം ഡേറ്റിന് പോകണം എന്നും അയാളുടെ മുഖത്ത് നോക്കി പറയാന്‍ ധൈര്യം കാണിച്ച ആത്മാര്‍ത്ഥതയുള്ള കാമുകന്‍. സുരേഷേട്ടനെ മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സുരേഷേട്ടന്‍ ഫാന്‍സ് രാജേഷ് മാധവൻ ഫാൻസായി വളര്‍ന്നിരിക്കുകയാണ്.

കാസർകോട് ജില്ലയിലെ കൊളത്തൂർ സ്വദേശിയായ രാജേഷ് മാധവനാണ് മലയാള സിനിമയിൽ നർമപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനാകുന്നത്. എല്ലാ പ്രായക്കാരുടെയും മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഈ യുവ കലാകാരൻ. കുറ്റിക്കോൽ സൺഡേ തിയറ്റർ (കുട്ടികളുടെ കളിവീട്) എന്ന നാടക കളരിയിലൂടെ വളർന്നു വന്ന രാജേഷ് മാധവൻ ഇന്ന് മലയാളത്തിലെ പ്രമുഖ നായക നടന്മാർക്കൊപ്പം അഭിനയിക്കാനും കാസ്റ്റിംഗ്, തിരക്കഥ, സഹസംവിധാനം തുടങ്ങി പല മേഖലകളിലും സാന്നിധ്യമുറപ്പിച്ചു.
ഇപ്പോള്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ എല്ലാവരുടേയും വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസുകളിലും സ്റ്റോറികളിലും സുരേഷേട്ടന്‍ ആറാടുകയാണ്. മഹേഷിൻ്റെ പ്രതികാരം, കനകം കാമിനി കലഹം, മിന്നല്‍ മുരളി എന്നീ സിനിമകളിലൂടെയും രാജേഷ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി എത്തി സുരേഷന്‍ എന്ന കഥാപാത്രത്തെ രാജേഷ് ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരി അടക്കാൻ
കഴിഞ്ഞില്ല.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പറ്റിയ അഭിനേതാക്കള്‍ ഇത്ര കറക്ടായി എങ്ങനെ വന്ന് ഭവിച്ചു എന്ന് പ്രേക്ഷകര്‍ക്ക് അത്ഭുതം തോന്നിയേക്കാം. അതിന് പിന്നിലും രാജേഷ് മാധവൻ്റെ കരങ്ങളുണ്ട്. ഒരു അഭിനേതാവ് എന്നതിലുപരി കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയായ താരം, ഈ സിനിമയിലും കാസ്റ്റിംഗ് ഡയറക്ഷന്‍ ചെയ്തിട്ടുണ്ട്.
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ കഥാപാത്രങ്ങളെ കാസ്റ്റിംഗ് ചെയ്യാന്‍ സഹായിച്ചത് രാജേഷ് മാധവാണ്.

ഇദ്ദേഹം ഒരു കാസര്‍കോടുകാരന്‍ തന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം. തൻ്റെ നാട്ടിലെ ഒരുപിടി മികച്ച കലാകാരന്മാരെ മലയാള സിനിമയിലേക്ക് എത്തിക്കാനായതിലും രാജേഷിന് അതിയായ സന്തോഷം ഉണ്ടെന്ന് അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ രാജേഷ് പി.ജി വിഷ്വല്‍ മീഡിയയില്‍ പഠനം പൂര്‍ത്തിയാക്കി പ്രമുഖ ചാനലുകളിലും ജോലി ചെയ്തിട്ടുണ്ട്. അഭിനയത്തെ കൂടാതെ സ്വന്തമായി തിരക്കഥയും സംവിധാനവും എല്ലാമാണ് രാജേഷിൻ്റെ സ്വപ്‌നമാണ്.
