
തൃശൂര്‍: ഗുരുവായൂരപ്പന് 51 ഫ്‌ളാറ്റുകളുടെ സമുച്ചയം വഴിപാടായി ലഭിച്ചു. ദുബായിയില്‍ താമസിക്കുന്ന കോഴിക്കോട് ചെറുവണ്ണൂര്‍ വെങ്കിട്ടരാമന്‍ സുബ്രഹ്മണ്യന്റെ(മോഹന്‍) വകയായിരുന്നു വഴിപാട്. ഇതിന്റെ രേഖകള്‍ ദേവസ്വത്തിന് കൈമാറി. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള ഗരുവായൂര്‍ റിസോര്‍ട്‌സിന്റെ ഉടമയാണ് മോഹന്‍. ഇന്നലെ രാവിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറിപ്പ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എം.ബി. ഗിരീഷ് എന്നിവര്‍ താക്കോലുകളും ധാരണാപത്രവും ഉടമയില്‍നിന്ന് ഏറ്റുവാങ്ങി.

നാല്‍പ്പതിലേറെ സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നാലുനിലകളുള്ള കെട്ടിടത്തില്‍ 57 ഫ്‌ളാറ്റുകളാണ് ഉള്ളത്. ഇതില്‍ താഴത്തെ നിലയിലെ ആറു ഫ്‌ളാറ്റുകള്‍ ഉടമയ്ക്കുള്ളതാണ്. ദേവസ്വത്തിനു കൈമാറിയ ഭാഗം ആയുര്‍വേദ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും ഇതില്‍നിന്ന് ലഭിക്കുന്ന തുകയില്‍ 60 ശതമാനം സ്ഥാപനത്തിന്റെ നടത്തിപ്പിനും ബാക്കി തുക കുറൂരമ്മ ഭവനത്തിലെ വയോധികരുടെ ക്ഷേമത്തിനും ഉപയോഗിക്കണമെന്നും ധാരണാപത്രത്തിലുണ്ട്. ഗുരുവായൂരപ്പന് വഴിപാട് നല്‍കണമെന്ന ഏറെക്കാലത്തെ ആഗ്രഹത്തിന്റെ ഫലമായാണ് ഫ്‌ളാറ്റുകള്‍ സമര്‍പ്പിക്കുന്നതെന്ന് മോഹന്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം നടത്തി കെട്ടിടം ദേവസ്വം ഏറ്റെടുക്കും. റജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
