ചെര്‍ക്കള: നാലായിരത്തോളം വരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ് കൂട്ടായ്മയിലൂടെ സ്‌കൂളിന് ഹാള്‍ സമര്‍പിച്ചു. രജതജൂബിലി ആഘോഷത്തിനൊരുങ്ങുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് 30 ലക്ഷത്തോളം രൂപ ചെലവില്‍ പണികള്‍ പൂര്‍ത്തീകരിച്ച് ഹാള്‍ സമര്‍പ്പിച്ചത്. 2016 ജൂലായിലാണ് ഹാളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പൂര്‍ണ്ണമായും അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഹാളിനകത്ത് എല്‍.സി.ഡി പ്രൊജക്ടര്‍, ഡ്രാമ തീയറ്റര്‍, മികച്ച ശബ്ദ നിയന്ത്രണ സംവിധാനം എന്നിവയുമുണ്ട്. ഹാളിന്റെ പൂര്‍ണ്ണതയ്ക്ക് ഇനിയും 10 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് പൂവ്വവിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രജതജൂബിലി ഹാളിന്റെ ഉദ്ഘാടനം എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ നിര്‍വ്വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. രജതജൂബിലി സ്മരണിക ‘നൊസ്റ്റാള്‍ജിയ 2017’ കെ കുഞ്ഞിരാമന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. ജയറാം മഞ്ചത്തായ സ്മരണിക ഏറ്റുവാങ്ങി.
ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ ശ്രീകാന്ത്, സില്‍വര്‍ ജൂബിലി ട്രഷറര്‍ ഇ അബൂബക്കര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ സൂര്യനാരായണ ഭട്ട്, ഇ വേണുഗോപാലന്‍, പി.ടി.എ പ്രസിഡന്റ് സന്തോഷ് ബദിയടുക്ക ആശംസാപ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ എ എന്‍ നാരായണന്‍ പ്രവര്‍ത്തന റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കെ.എസ് കേശവന്‍ നമ്പൂതിരി സ്വാഗതവും എം ഗംഗാധരന്‍ നന്ദിയും പറഞ്ഞു. രജതജൂബിലിയാഘോഷത്തി ന്റെ ഭാഗമായി നടന്ന കലാസന്ധ്യ വയലിന്‍ വിദ്വാന്‍ പ്രൊഫ.അനന്തപദ്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി അധ്യക്ഷയായി. മല്ലം ട്രസ്റ്റീ വിഷ്ണുഭട്ട്, സ്വാമിജീസ് സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ശാരദ അഡിക്കോഡിലു, പ്രധാനാദ്ധ്യാപി കെ വസന്തകുമാരി വെങ്കട്ട് ഭട്ട്, കെ സി ഫ്രാന്‍സിസ്, സജി പി മാത്യു സംസാരിച്ചു. ടി.എം ശ്രീജ സ്വാഗതവും, വി.വി ശ്യാമള നന്ദിയും പറഞ്ഞു. സ്വാഗത ഗാനം, ഗണപതി സ്തുതി, നൃത്തശില്‍പ്പം 1994 – 96 പ്ലസ്ടു ബാച്ചിന്റെ നേതൃത്വത്തില്‍ നാട്യധാര, യക്ഷഗാനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
ഗുരുദക്ഷിണയായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത് 30 ലക്ഷം രൂപ ചെലവുള്ള ഹാള്‍; രജതജൂബിലി ആഘോഷിക്കാന്‍ പോകുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്ററി സ്‌കൂളിനു ഇരട്ടിമധുരമായി ഹാള്‍