
കാസര്‍കോട്: മലയാള ദിനാഘോഷം വിപുലമായ പരിപാടികളോടെ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടത്തി. കേരളപ്പിറവിയുടെ ഓര്‍മ്മയില്‍ അമ്മ മലയാളത്തിന്‍റെ മാധുര്യം നുണഞ്ഞ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ മെഗാ തിരുവാതിര അരങ്ങേറിയത്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഭരണകൂടം, ലയണ്‍സ് ക്ലബ്ബ്, കാസര്‍കോട്, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷത്തിന്‍റെ ഭാഗമായായുള്ള തിരുവാതിര ചെര്‍ക്കള സൈനബ് ബി.എഡ് കോളേജിലെ 175 വിദ്യാര്‍ത്ഥിനികളാണ് അവതരിപ്പിച്ചത്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വേണുഗോപാല്‍, എ.ഡി.എം കെ. അജേഷ്, കളക്‌റേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി. പ്രഭാകരന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, സൈനബ് ബി.എഡ് കോളേജ് പ്രിനസിപ്പല്‍ ഡോ. നീന തുടങ്ങിയവര്‍ സംസാരിച്ചു.

ഇതോടൊപ്പം മലയാള ദിനാചരണം, ഭരണ ഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ‘എന്തുകൊണ്ട് മലയാളം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഭരണ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ്, ആസൂത്രണ സമിതി കാര്യാലയം, ഭരണഭാഷാവാരഘോഷ ജില്ലാതല സംഘാടക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മാതൃഭാഷ ജീവിതത്തെ നിര്‍ണയിക്കുന്ന ഭാഷയാണെന്ന് എഴുത്തുകാരന്‍ ജിനേഷ് കുമാര്‍ എരമം പറഞ്ഞു. എന്തുകൊണ്ട് മലയാളം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം മാതൃഭാഷയെ സ്‌നേഹിക്കുന്നതിന് മറ്റുള്ള ഭാഷകളെ വെറുക്കേണ്ടതില്ല. ചരിത്രബോധം നഷ്ടപ്പെട്ടവരായി മലയാളികള്‍ മാറരുത്. വികസിത രാജ്യങ്ങളെല്ലാം മാതൃഭാഷയിലാണ് അധ്യയനം നടത്തുന്നത്. നമ്മുടെ നാട്ടില്‍ കുടില്‍ വ്യവസായമായി ഉണ്ണിയപ്പം നിര്‍മിക്കുമ്പോള്‍ ചൈനയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കാന്‍ സാധിക്കുന്നത് ചൈനയില്‍ അവരുടെ മാതൃഭാഷയില്‍ ജീവിതം പഠിക്കുന്നതിനാലാണ്.

നവോത്ഥാന കാലത്താണ് ജാതീയതയുടെ ഇരുട്ടില്‍ നിന്നും അകന്ന് ദേശീയതയിലും മാതൃഭാഷാ ബോധത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകളേയും മാതാവിനെ പോലെ സ്‌നേഹിക്കാനാവില്ല. അതുപോലെ എല്ലാ ഭാഷകളെയും മാതൃഭാഷയെ പോലെ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഭരണഭാഷ മാതൃഭാഷയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയാണ് അനിവാര്യമായിട്ടുള്ളത്. ഭരണഭാഷ ഭരിക്കപ്പെടുന്നവന്‍റെ ഭാഷയാണ്. അത് ലളിതമാകണമെന്നും ജിനേഷ് കുമാര്‍ പറഞ്ഞു.
മലയാളത്തിന്‍റെ തനത് പ്രയോഗങ്ങള്‍ വിവര്‍ത്തനത്തിന് അതീതമാണ്. ആംഗലേയ അടിമത്തത്തിലൂന്നിയ വിചാര ബോധത്തില്‍ നിന്ന് മാറി ചിന്തിക്കാതെ കേരളം മാറില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പലേരി അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ എം. മധുസൂദനന്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഗവേഷണ സഹായി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
