
തിരുവനന്തപുരം: ജില്ലയിലെ പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം തയാറാക്കി അയച്ച പ്ലാനും എസ്റ്റിമേറ്റും 10 വർഷത്തിനിടെ മൂന്നാം തവണയും പൊതുമരാമത്ത് വകുപ്പ് മടക്കി. ഇതോടെ 12 വർഷം മുമ്പ് ആരംഭിച്ച ജില്ല കുടുംബകോടതിയുടെ പുതിയ കെട്ടിടനിര്‍മ്മാണം നടക്കില്ല എന്ന് ഉറപ്പായി. നിലവില്‍, ജഡ്ജിനും കേസുകളിലെ കക്ഷികൾക്കും അഭിഭാഷകർക്കും ജീവനക്കാർക്കും നിന്നുതിരിയാൻപോലും ഇടമില്ലാത്ത ഇടുങ്ങിയ വാടകമുറിയില്‍ കാസർകോട് നഗരസഭാ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്.
ന്യായാധിപനില്ലാത്തതിനാൽ രണ്ടു വർഷമായി പ്രവർത്തിക്കാത്ത അഡീഷണൽ ജില്ല കോടതി കെട്ടിടത്തിലേക്ക് പുതിയ കെട്ടിടം നിർമിക്കുന്നതുവരെ കുടുംബകോടതി മാറ്റിസ്ഥാപിക്കണമെന്ന് നിർദേശമുയർന്നിരുന്നു. എന്നാൽ, ഇതിനും പരിഗണന ലഭിച്ചിട്ടില്ല. 2014ലെ നിരക്കനുസരിച്ച് 2.74 കോടിയുടെ എസ്റ്റിമേറ്റാണ് അയച്ചതെന്നും 2018ലെ നിരക്ക് കണക്കാക്കി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി അയക്കണമെന്നുമാണ് നിർദേശം. ഇതനുസിച്ച് എസ്റ്റിമേറ്റ് പുതുക്കി തയാറാക്കാൻ ഹൈകോടതി രജിസ്ട്രാർ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറോട് നിർദേശിച്ചിരിക്കുകയാണ്.
നേരത്തെ രണ്ടുതവണ തയാറാക്കി അയച്ച എസ്റ്റിമേറ്റുകൾ സാേങ്കതികകാരണങ്ങളാൽ തഴയുകയായിരുന്നു. കെട്ടിടനിർമാണത്തിന് ഇതേവരെ ഫണ്ടും അനുവദിച്ചിട്ടില്ല. കെട്ടിടനിർമാണത്തിനായി ജില്ല കോടതിസമുച്ചയത്തിന് മുന്നിൽ 10 വർഷം മുമ്പ് സർക്കാർ അനുവദിച്ച 30 സെൻറ് ഭൂമിക്ക് 2012ൽ പൊതുമരാമത്ത് വകുപ്പ് 8.85 ലക്ഷം മുടക്കി ചുറ്റുമതിൽ നിർമിച്ചതല്ലാതെ തുടർപ്രവർത്തനങ്ങളൊന്നും നടത്തിയില്ല.
