
| പീതാംബരൻ കുറ്റിക്കോൽ
കാഞ്ഞങ്ങാട് / കാസർകോട്: കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ കാര്യാലയത്തിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഏജന്റിൽ നിന്നും അരലക്ഷത്തിലധികം കൈക്കൂലി പണം പിടികൂടി. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് ഏജന്റുമാരും ഡൈവിംഗ് സ്കൂൾ നടത്തിപ്പുകാരും കൂട്ടുനിൽക്കുന്നതിൻ്റെ തെളിവുകളും വിജിലൻസിന് കിട്ടിയിട്ടുണ്ട്.

കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവുമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. ഏജന്റായ രാജാകൃഷ്ണനിൽ നിന്നും 56520/- രൂപയാണ് പിടിച്ചെടുത്തത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് കൈക്കൂലിയായി പണം പിരിച്ചത്. വാഹന ഉടമകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി പിരിക്കുന്നതിന് വേണ്ടി ഏജന്റായ രാജകൃഷ്ണനെ നിയോഗിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പിരിച്ചെടുക്കേണ്ട പണത്തിൻ്റെ കണക്ക് മോട്ടോർ വാഹന വകുപ്പ് അസി. ഇൻസ്പെക്ടർ രാധാകൃഷണൻ്റെ ഫോണിലേക്ക് വാട്സാപ്പിൽ അയച്ചതും അത് പ്രകാരം പിരിച്ചെടുത്ത കണക്ക് വെള്ളപേപ്പറിൽ എഴുതി വെച്ചതും ഏജന്റിൻ്റെ കൈവശത്ത് നിന്നും തെളിവായി ലഭിച്ചു. വെഹിക്കിൾ ഇൻസ്പെക്ടർമാരായ സാജു, ഷാഹിൽ കെ.രാജ്, സുധീഷ് എന്നിവർ നിരന്തരം ഫോണിലും വാട്സാപ്പിലും ഈ ഏജന്റുമായി ബന്ധപെട്ടതായും ഫോണുകൾ പരിശോധിച്ചപ്പോൾ വിജിലൻസ് കണ്ടെത്തി.

വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ വി.ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ രഞ്ജിത് കുമാർ, വി.രാജീവൻ സിവിൽ പോലീസ് ഓഫീസർ ടി.വിരതീഷ്, കിനാനൂർ കരിന്തളം കൃഷി ഓഫീസർ നിഖിൽ നാരായണൻ എന്നിവരുമുണ്ടായിരുന്നു.
ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ കാലാകാലങ്ങളായി വൻതോതിൽ കൈക്കൂലി ഇടപാടുകളാണ് നടക്കുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് പരിശോധനാ നടപടികൾ കടുപ്പിച്ചത്.
