കാസര്‍കോട്ടെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മുതിര്‍ന്ന ബിജെപി നേതാവും ദേശീയ സമിതിയംഗവുമായിരുന്ന മടിക്കൈ കമ്മാരന്‍ (79) അന്തരിച്ചു. രാവിലെ ഒന്‍പതരയോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭൗതികദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെ കാഞ്ഞങ്ങാട് ബി.ജെ.പി ഓഫിസിലും അതിന് ശേഷം നാലുമണി വരെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വക്കും. വൈകുന്നേരം കാഞ്ഞങ്ങാട് നിന്ന് വിലാപയാത്രയായി മാവുംങ്കാലില്‍ എത്തിക്കും. മാവുങ്കാല്‍ പൊതു ദര്‍ശനത്തിന് ശേഷം ഭൗതികദേഹം സ്വവസതിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതുമണിക്ക് വീട്ട് വളപ്പില്‍ നടക്കും. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച മഹാവ്യക്തിത്വമായിരുന്നു കമ്മാരന്‍. ആറുപതിറ്റാണ്ടുകാലം ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ മടിക്കൈ കല്യാണം ഗ്രാമത്തില്‍ 1938 ജനുവരി ഒന്നിനാണ് ജനനം. ആയംകോട് പച്ചിക്കാരന്‍ കോരന്‍ കുരുക്കത്തി കുമ്പ ദമ്പതികളുടെ ആറുമക്കളില്‍ അഞ്ചാമനാണ്. ബല്ലാ ഗവ.സ്‌കൂളിലും ബോര്‍ഡ് സ്‌കൂള്‍ എന്നറിയപ്പെടുന്ന ഹോസ്ദുര്‍ഗ് ഗവ.സ്‌കൂളിലും ദുര്‍ഗ ഹൈസ്‌കൂളിലുമായിരുന്നു തുടര്‍ന്നുള്ള വിദ്യാഭ്യാസം. പഠന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥിപ്രസ്ഥാനമായ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചു. ജന്മി-നാടുവാഴിത്വത്തിനെതിരെ സമരകാഹളം മുഴങ്ങുമ്പോള്‍ സമത്വത്തിനായി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികാലം. കമ്യൂണിസ്റ്റ് നേതാക്കളായ മടിക്കൈ കുഞ്ഞിക്കണ്ണനെയും സി.കെ.ചന്ദ്രപ്പനെയും കണ്ടുവളര്‍ന്ന വിദ്യാര്‍ഥി നേതാവ്. സ്‌കൂള്‍പഠനം കഴിഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ കവാടം കടക്കുമ്പോള്‍ കുഞ്ഞിക്കണ്ണനൊപ്പം കമ്മാരന്റെ കൈപിടിക്കാന്‍ വേറെയും നേതാക്കളെത്തി. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും സോഷ്യലിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായി. എന്‍.കെ.ബാലകൃഷ്ണന്റെയും കെ.ചന്ദ്രശേഖരന്റെയും പിന്നില്‍ നിലയുറപ്പിച്ച് പ്രജാ സോഷ്യലിസ്റ്റ്പാര്‍ട്ടിക്കാരനായി. 

1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 1960-ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിലും കെ.ചന്ദ്രശേഖരന്‍ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍നിന്ന് വിജയിച്ചു. കമ്യൂണിസ്റ്റ് നേതാവ് കെ.മാധവനെയാണ് രണ്ടുതവണയും തോല്‍പിച്ചത്. ഈ തെരഞ്ഞെടുപ്പുകളില്‍ ചന്ദ്രശേഖരനുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ മുന്‍നിരയിലായിരുന്നു മടിക്കൈകമ്മാരന്‍. പിന്നീട് ഡോ. രാംമനോഹര്‍ ലോഹ്യയില്‍ ആകൃഷ്ടനായി മടിക്കൈ കമ്മാരന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായി. പിന്നീട് ജനസംഘത്തിലെത്തി. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളില്‍ ചെന്ന് സമരം നടത്തി. ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ കമ്മാരന്‍ ജനതാപാര്‍ട്ടിക്കാരനായി. 1980-ല്‍ ബി.ജെ.പി. രൂപം കൊണ്ടപ്പോള്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1984 മെയ് 24 നാണ് കാസര്‍കോട് റവന്യൂജില്ല നിലവില്‍ വന്നതെങ്കിലും 1983 ല്‍ തന്നെ മടിക്കൈ കമ്മാരന്‍ ജില്ലാ പ്രസിഡണ്ടായി ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റി രൂപീകരിച്ച് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു.
കാസര്‍കോട് ജില്ല രൂപവത്കൃതമായപ്പോള്‍ ആദ്യ ജില്ലാ പ്രസിഡന്റ് സ്ഥാനവും മടിക്കൈ കമ്മാരനായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി. ബി.ജെ.പി. ദേശീയസമിതിയംഗമായിരുന്നു ഒടുവില്‍. രണ്ടുതവണ ബി.ജെ.പി.യുടെ നിയമസഭാ സ്ഥാനാര്‍ഥിയുമായി. അവിവാഹിതനായിരുന്നു. നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. കലയും ചങ്ങലയും നാടകത്തിലെ വയോധികന്റെ വേഷം ധരിച്ചെത്തിയപ്പോള്‍ നാട് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നാടകാചാര്യന്‍ മാസ്റ്ററാണ് ഇദ്ദേഹത്തെ മടിക്കൈ കമ്മാരന്‍ എന്ന് വിളിപ്പേരിട്ടത്. അങ്ങനെ കമ്മാരന്‍ മടിക്കൈ കമ്മാരനായി.നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പെരുമാറ്റത്തിലെയും പ്രസംഗത്തിലെയും പൊരുത്തകേടുകളെ ചൂണ്ടിക്കാട്ടാനും ഒട്ടും മടികാണിക്കാത്ത കമ്മാരനെ കാഞ്ഞങ്ങാട്ടെ പൗരാവലി നിറഞ്ഞ മനസ്സോടെ ആദരിച്ചിരുന്നു.

0Shares