
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറയിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്.
ഇവിടെ പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു. പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. ശരിക്കുള്ള ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
രേഖകളെല്ലാം സ്റ്റോങ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.
വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പുറത്ത് വിട്ടത്. ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സി.പി.എം പ്രതികരിക്കുകയും ചെയ്തിരുന്നു.
