കാസര്‍കോട്: കാസര്‍കോട് പുതിയ ജില്ലാ കലക്ടറായി ഡോ.സജിത് ബാബു ദാമോദരന്‍ ഐ.എ.എസിനെ നിയമിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. പുതിയ കളക്ടറായി ഡോ. സജിത് ബാബുവിന്റെ പേര് റവന്യു മന്ത്രിയുടെ ഓഫീസില്‍ നിന്നും മന്ത്രിസഭയുടെ പരിഗണനയ്ക്കായി അയച്ചിരുന്നു. കാസര്‍കോട് കലക്ടര്‍ ആയിരുന്ന കെ ജീവന് ബാബുവിനെ ഇടുക്കി കലക്ടര്‍ ആയി മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ഒന്നര മാസത്തോളമായി കാസര്‍കോട്ട് കളക്ടറില്ലാത്ത അവസ്ഥയായിരുന്നു. എ.ഡി.എം എന്‍ ദേവീദാസിനായിരുന്നു കളക്ടറുടെ ചുമതല. ഡോ. സജിത് ബാബു സഹകരണ സംഘം രജിസ്ട്രാര്‍ ആണ്. നേരത്തെ തിരുവനന്തപുരത്ത് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായും അസാപ് സി.ഇ.ഒ ആയും പ്രവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ്. കേരള കാര്‍ഷിക യൂനിവേഴ്സിറ്റിയില്‍ നിന്ന് ആഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ആറുവര്‍ഷം കേരള കാര്‍ഷിക കോളജില്‍ പ്രഫസറായി ജോലി നോക്കിയിരുന്നു. കാര്‍ഷിക മേഖല വിഷയമാക്കി നിരവധി ലേഖനമെഴുതിയിരുന്നു. മികച്ച നാടക നടന് കൂടിയായ സജിത് കേരള യൂനിവേഴ്സിറ്റി കലോല്‍സവങ്ങളില്‍ ബെസ്റ്റ് ആക്ടര്‍ ആയി തിരഞ്ഞെടുത്തിരുന്നു.
കാസര്‍കോട് പുതിയ ജില്ലാ കലക്ടറായി ഡോ.ഡി സജിത് ബാബു ഐ.എ.എസിനെ നിയമിച്ചു