കൊച്ചി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്ക്കും. യു.എ.പി.എ ചുമത്താന്‍ സംസ്ഥാനത്തിന്റെ അനുമതി വേണമെന്നായിരുന്നു ഹര്‍ജി. ഒന്നു മുതല്‍ 19 വരെയുള്ള പ്രതികളുടെ കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാം. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമാണിതെന്നും അതില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. പ്രതിയെ സഹായിക്കുന്ന പ്രവണത സര്‍ക്കാര്‍ കാണിക്കുന്നതായും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി.
യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനത്തിലുള്ള ആദിവാസികളെ പിടിച്ചുകൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍ ബോംബ് എറിയുന്നവര്‍ വെറുതെ നടക്കുകയാണ്. ഇത് എങ്ങനെയാണ് ശരിയാകുന്നതെന്നും കോടതി ചോദിച്ചു. കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികള്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് ജയരാജന് അറിയിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി തള്ളി; പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്ക്കും; വിധിക്കെതിരേ ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് ജയരാജന്