
കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സിപിഎം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ടിന്‍റെതാണെന്നും അവ അടര്‍ത്തിയെടുത്തതാണെന്നും ജയരാജന്‍ പറഞ്ഞു.
ഓപ്പണ്‍ വോട്ട് ബന്ധപ്പെട്ടവര്‍ അനുവദിച്ചശേഷമാണു ചെയ്തത്. പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചതിനോട് ഈ കൊലച്ചതി ചെയ്തത് തെറ്റാണ്. സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരെന്നു ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഈ ആരോപണമുന്നയിക്കുന്നവരുടേതു മുന്‍കൂര്‍ ജാമ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

പഞ്ചായത്ത് മെമ്പറായ സലിന പിലാത്തറ എ.യുപി സ്‌കൂളിലെ 17ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ്. വീഡിയോ ദൃശ്യത്തില്‍ നീല കളര്‍ ചുരിദാര്‍ അണിഞ്ഞ യുവതിയെ കാണിച്ചിരുന്നു. അവരാണ് പഞ്ചായത്ത് മെമ്പറായ സലിന. വീഡിയോ ദൃശ്യത്തില്‍ കാണിച്ച അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 19ാം നമ്പര്‍ ബൂത്തിലെ നബീസ എന്നയാളുടെ വോട്ടാണ് അവര്‍ ചെയ്തത്. കാലിനു സുഖമില്ലാത്ത, ലിസ്റ്റില്‍ 29ാം ക്രമനമ്പറുള്ള നബീസയുടെ ഓപ്പണ്‍ വോട്ടാണ് പഞ്ചായത്ത് മെമ്പര്‍ ചെയ്തത്.
ഓപ്പണ്‍ വോട്ടിന്‍റെ ഫോം പൂരിപ്പിച്ച് നല്‍കിയിട്ടുണ്ട്. പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. മുന്‍ പഞ്ചായത്ത് മെമ്പര്‍ സുമയ 24ാം നമ്പര്‍ ബൂത്തിലെ ആളാണ്.ഇവര്‍ 19ാം നമ്പര്‍ ബൂത്തില്‍ വന്ന് കള്ളവോട്ട് ചെയ്തുവെന്നാണ്
ദൃശ്യങ്ങള്‍ പുറത്തുവിട്ട മാതൃഭൂമി ചാനല്‍ ആരോപിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ അവര്‍ 24ാം നമ്പര്‍ ബൂത്തിലെ വോട്ടറാണെങ്കിലും 19ാം നമ്പര്‍ ബൂത്തിലെ എല്‍ഡിഎഫിന്‍റെ ബൂത്ത് ഏജന്റായി നിശ്ചയിക്കപ്പെട്ട ആളാണ്. പണ്ട് 19ാം നമ്പര്‍ ബൂത്തിലെ താമസക്കാരിയുമായിരുന്നു ഇവര്‍. സുമയ ചെയ്യുന്നത് 301 ക്രമ നമ്പറായ ശാന്തയുടെ ഓപ്പണ്‍ വോട്ടാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടായി ചിത്രീകരിച്ചു കൊണ്ട് തെറ്റായ വാര്‍ത്ത നല്‍കുകയാണ് പ്രമുഖ ചാനല്‍ ചെയ്തിരിക്കുന്നത്.
