ഇനി വരുന്നത് മറ്റൊരു സർക്കാർ ആണെങ്കില്‍ ഈ രാജ്യത്തെ പൂജ്യത്തില്‍ നിന്ന് വാര്‍ത്തെടുക്കേണ്ടി വരും; കാരണങ്ങൾ

  • Post category:news
  • Reading time:2 mins read
You are currently viewing ഇനി വരുന്നത് മറ്റൊരു സർക്കാർ ആണെങ്കില്‍ ഈ രാജ്യത്തെ പൂജ്യത്തില്‍ നിന്ന് വാര്‍ത്തെടുക്കേണ്ടി വരും; കാരണങ്ങൾ

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, കോടതി, സൈന്യം എന്നിവയൊക്കെ പോലെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തമായിരിക്കേണ്ട, അങ്ങനെയായിരുന്ന ഒന്നാണ് രാജ്യത്തെ സ്ഥിതിവിവരക്കണക്കുകള്‍. എന്തെല്ലാം ആക്ഷേപങ്ങൾ ഉണ്ടായിരുന്നു എങ്കിലും മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നാഷണല്‍ സാമ്പിൾ സര്‍വേ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലാണെങ്കിലും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു.

ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ഗവേഷകര്‍, സാമ്പത്തിക വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഒരു സ്ഥിതിവിവരക്കണക്കുകളെയും ആശ്രയിക്കാന്‍ കഴിയാതായി. ഇവ പുറത്ത് വിടുന്ന സ്ഥിതിവിവരക്കണക്കുകള്‍, സര്‍ക്കാരിന്‍റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടുകള്‍ എന്നിവ വിശ്വസിക്കാന്‍ കൊള്ളാതായി. സാമ്പത്തിക മാധ്യമങ്ങള്‍ പോലും കൊട്ടക്കമ്മതി കണക്കുകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒരിടത്ത് നിന്നും ഒരെതിര്‍ശബ്ദം പോലും ഉയര്‍ന്നുമില്ല.

രാജ്യത്തെ വളര്‍ച്ചാ നിരക്ക് സൂചിപ്പിക്കുന്ന ജി.ഡി.പി കണക്കാക്കുന്നതില്‍ ഗുരുതരമായി ക്രമക്കേട് ഈ സര്‍ക്കാര്‍ നടത്തി. ഒരു രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ഒരു രാജ്യത്ത് ഒരു സാമ്പത്തിക വര്‍ഷം ആകെ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക) കണക്കാക്കുന്ന രീതിയിലാണ് കൃത്രിമം നടന്നത്. ഇത് കണക്കാക്കുന്നത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ്( രാജ്യത്തെ ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളുടെ വിലസൂചിക) ജി.ഡി.പിയുമായി താരതമ്യം ചെയ്താണ്. ഇതിന് ഒരു ബേസ് ഇയര്‍ കണക്കാക്കും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബേസ് ഇയര്‍ 2011-2012 ആയിരുന്നു. അതായത്, 2011-12ലെ വില നിലവാരവുമായി താരതമ്യം ചെയ്ത് നോമിനല്‍ ജി.ഡി.പിയില്‍ നിന്ന് റിയല്‍ ജി.ഡി.പി കണ്ടെത്തുകയാണ് ചെയ്യുന്നത്.

മോഡി സര്‍ക്കാര്‍ 2015ല്‍ ബേസ് ഇയര്‍ മാറ്റി. ബേസ് ഇയര്‍ 2013-14 ആക്കി മാറ്റി. ഇതോടെ, ഇന്ത്യ അവകാശപ്പെടുന്ന വളര്‍ച്ചാ നിരക്കില്‍ നിരവധി പേര്‍ സംശയമുന്നയിച്ചു. അവസാനം, നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ ഫലത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുവെന്നാണ് പറയുന്നതെന്ന് കണ്ട് സര്‍വേ ഫലം പ്രസിദ്ധീകരിച്ചുമില്ല. ഇതില്‍ പ്രതിഷേധിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ രാജിവെച്ചതും വാര്‍ത്തയായിരുന്നു.

രാജ്യത്തെ സ്ഥിതിവിവരക്കണക്കുകളെ ലോകത്തിന് മുന്‍പില്‍ വിശ്വാസ്യതയില്ലാതാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ, വൈകിയാണെങ്കില്‍ രാജ്യത്തെ പ്രമുഖ ഗവേഷകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെ രംഗത്തെത്തിയിരിക്കുന്നു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേണലിസം മേധാവി ശശികുമാര്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ആര്‍. രാംകുമാര്‍, സി.ഡി.എസിലെ കെ.പി കണ്ണന്‍, എ.വി ജോസ് എന്നീ മലയാളികളുള്‍പ്പടെ 108 ഗവേഷകര്‍ സംയുക്ത പ്രസ്താവനയിറക്കിയിരിക്കുന്നു. ഇനി വരുന്നത് മറ്റൊരു സര്‍ക്കാരാണെങ്കില്‍ ഈ രാജ്യത്തെ പൂജ്യത്തില്‍ നിന്ന് വാര്‍ത്തെടുക്കേണ്ടി വരും.

0Shares