Categories
articles news

കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമോ; സംഭവിച്ചാല്‍ കൂടുതല്‍ സാധ്യത വി.ഡി സതീശന്

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്.

സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിന്‍റെ തുടർഭരണത്തോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കുമെന്ന് സൂചന. 2016ലെ പരാജയത്തോടെ നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത.

ചെന്നിത്തല മാറിയാൽ അദ്ദേഹത്തിന്‍റെ പിന്തുണയും സതീശനുണ്ടാകും. ചെന്നിത്തലയുടെ നേതൃത്വം കോൺഗ്രസിന് ശക്തി പകർന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നു. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകൾ ബഹുഭൂരിപക്ഷമുളള മണ്ഡലത്തിൽ നിന്നും 21,031 വോട്ടിന് വിജയിച്ച് സഭയിലേക്കെത്തിയ വി.ഡി സതീശന് സാധ്യതയേറിയത്.

നിലവിൽ കോൺഗ്രസിൽ നിന്നും 22 പേരാണ് സഭയിലെത്തിയത്. ഇതിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്. മുൻപ് കെ.പി.സി.സി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest