Trending News





‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിക്കട്ടെ ‘എന്നായിരുന്നു 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുദ്രാവാക്യം. കേരളം നെഞ്ചേറ്റിയ മുദ്രാവാക്യമായിരുന്നു അത്. എൽ.ഡി.എഫ് ജയിച്ചാൽ കെ.ആർ.ഗൗരിയമ്മ മുഖ്യമന്ത്രി ആകും എന്നായിരുന്നു പൊതുസമൂഹത്തിൽ സി.പി.എമ്മിന്‍റെ പ്രചാരണം.എന്നാൽ ഇത് പാർട്ടിയുടെ ഒരു കൺകെട്ട് വിദ്യ മാത്രമായിരുന്നുവെന്ന് കേരളം തിരിച്ചറിയുന്നത് ഫലം വന്ന ശേഷമാണ്.
Also Read
87 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാതെയായിരുന്നു ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും മൽസരത്തിനിറങ്ങിയത്.എന്നാൽ വൈകാരികമായ മുദ്രാവാക്യങ്ങളിലൂടെ അനൗദ്യോഗിക സ്ഥാനാർഥിയായി ഗൗരിയമ്മയെ നേതാക്കളും അണികളും മുന്നിൽ നിർത്തി. എം.വി.രാഘവനും വിശ്വസ്തരും അവതരിപ്പിച്ച ബദൽ രേഖയെ പിന്തുണച്ചു എന്ന കാരണത്താൽ ഇ.കെ.നയനാരോട് പാർട്ടി നേതൃത്വത്തിന് ഉണ്ടായിരുന്ന അതൃപ്തിയായിരുന്നു ഈ അടവ് നയത്തിന് കാരണം.
എന്നാൽ ചതി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സമവാക്യങ്ങൾ മാറി. ഇ.എം.എസിന്‍റെ അനുഗ്രഹാശിസുകൾ ഉണ്ടായിരുന്ന ഇ.കെ.നായനാർ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.മുഖ്യമന്ത്രിയായി നായനാർ തിരഞ്ഞെടുക്കപ്പെട്ടതോടെ നേതൃത്വത്തിന്റേത് ചതിയാണെന്ന് അകത്തും പുറത്തും വിമർശനവും രോഷവുമുണർന്നു.

കാര്യം കണ്ടുകഴിഞ്ഞപ്പോൾ പാർട്ടി തന്നെ തഴഞ്ഞതിൽ ക്ഷുഭിതയായ ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. അനുനയനീക്കവുമായി എത്തിയ സി.പി.എം വ്യവസായം,എക്‌സൈസ് വകുപ്പുകൾ നൽകി ഗൗരിയമ്മയെ നായനാർ മന്ത്രിസഭയിൽ രണ്ടാംസ്ഥാനക്കാരിയാക്കി. എന്നാൽ കല്ലുകടികൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകൾ നിലനിർത്തിയതിന്‍റെ പേരിൽ എക്‌സൈസ് വകുപ്പ് ഗൗരിയമ്മയിൽ നിന്ന് എടുത്ത് ടി.കെ.രാമകൃഷ്ണന് നൽകി. സി.ഐ.ടി.യുവിന്‍റെ അപ്രമാദിത്വത്തിന് എതിരെ പല നീക്കങ്ങളും ഗൗരിയമ്മയിൽ നിന്നുണ്ടായി. തുടർന്നുള്ള പല തീരുമാനങ്ങളിലും പ്രബലമായ സി.ഐ.ടി.യു വിഭാഗവുമായി ഗൗരിയമ്മ ഇടഞ്ഞു. ഒട്ടേറെ വ്യവസായ മേഖലകളിൽ സി.ഐ.ടി.യുവിന്‍റെ താൽപര്യത്തിന് വിരുദ്ധമായി ഗൗരിയമ്മ മുൻകൈ എടുത്ത് നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ യൂണിയന്‍റെ അപ്രീതിക്ക് കാരണമായി.
പാർട്ടിയിൽ നിന്ന് കനത്ത സമ്മർദമാണ് ഇക്കാലത്ത് ഗൗരിയമ്മ നേരിട്ടത്.എന്നാൽ ആരെയും കൂസാത്ത തന്‍റെ സ്വതസിദ്ധമായ രീതിയിൽ ഗൗരിയമ്മ മുന്നോട്ട് പോകുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം തന്നിൽ നിന്ന് തട്ടിത്തെറിപ്പിച്ച പാർട്ടിയിലെ ഉന്നതരോടുള്ള പക ഗൗരിയമ്മ ഒരിക്കലും മറന്നില്ല. മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതിയെ തുടർന്ന് ചേർത്തലയിൽ മറ്റു പാർട്ടികളിലും സംഘടനകളിലും പെട്ടവർ കൂടി സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തതിനെതിരെ വിമർശനമുയർന്നു. സ്വീകരണത്തിൽ പങ്കെടുത്തതിൽ പാർട്ടി അച്ചടക്കലംഘനം കണ്ടെത്തി.
പാർട്ടിയുടെയും തന്‍റെയും വഴികൾ രണ്ടാണ് എന്ന തരത്തിലായിരുന്നു ഗൗരിയമ്മയുടെ അക്കാലത്തെ നീക്കങ്ങളെല്ലാം.പത്രങ്ങൾക്ക് പാർട്ടി വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് ഗൗരിയമ്മയുടെ വിശ്വസ്തരാണെന്നും അക്കാലങ്ങളിൽ പാർട്ടി വിശ്വസിച്ചു. പാർട്ടിക്കും ഗൗരിയമ്മയ്ക്കും ഇടയിൽ അവിശ്വാസം ദിനംപ്രതി വർധിച്ചുവന്ന നാളുകൾ ആണ് പിന്നീട് വന്നത്.
ഐക്യജനാധിപത്യ മുന്നണി സർക്കാരിന്‍റെ മേൽനോട്ടത്തിൽ രൂപം നൽകിയ സ്വാശ്രയസമിതിയിൽ ഗൗരിയമ്മ അധ്യക്ഷയായി. പാർട്ടിയെ ചൊടിപ്പിക്കും എന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ഗൗരിയമ്മയുടെ നീക്കം. വഴിപിരിയാൻ നേരമായി എന്ന നിലയിലായിരുന്നു ഗൗരിയമ്മയും പാർട്ടിയും അക്കാലത്ത്. സ്ഥാനം ഒഴിയണമെന്ന പാർട്ടിയുടെ ആവശ്യം ഗൗരിയമ്മ തള്ളിയതോടെ ജില്ലാ കമ്മിറ്റിയിലേക്ക് ഏറ്റവും മുതിർന്ന സഖാക്കളിലൊരാളെ പാർട്ടി തരംതാഴ്ത്തി. പിന്നീട് ജില്ലാകമ്മിറ്റി ഗൗരിയമ്മയ്‌ക്കെതിരെ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാനകമ്മിറ്റിക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റി അംഗീകരിച്ചതോടെ അനിവാര്യമായത് സംഭവിച്ചു.കെ.ആർ.ഗൗരിയമ്മ എന്ന കേരളം കണ്ട ഇടതുപക്ഷ കുലപതികളിൽ ഒരാൾ സി.പി.എമ്മിൽ നിന്ന് പുറത്തേക്ക്.
തുടർന്ന് രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതിയാണ് പിൽക്കാലത്ത് ജെ.എസ്എസ് എന്ന ചുരുക്കെഴുത്തിൽ രാഷ്ട്രീയപാർട്ടിയായത്. പിന്നീട് ജെഎസ്എസും പിളർന്ന് രണ്ടായി. പിന്നീട് യു.ഡി.എഫിനോട് പിണങ്ങി മുന്നണിവിട്ട ഗൗരിയമ്മ അവസാനകാലത്ത് ഒരുകാലത്ത് തന്നെ ചതിച്ചു എന്ന് വിശ്വസിച്ച സി.പി.എമ്മുമായി അടുത്തിരുന്നു. പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്ന് ഗൗരിയമ്മയും തിരിച്ചെത്തിക്കണമെന്ന് പലരും ആഗ്രഹിക്കുകയും ചെയ്തിരുന്നു.

Sorry, there was a YouTube error.