
കൊച്ചി: മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് തവണ എം.എല്‍.എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു.
എം.എസ്.എഫ് ലൂടെയാണ് വി.കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എം.എല്‍.എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എം.എല്‍.എ എന്നീ വിശേഷണങ്ങളും വി.കെ ഇബ്രാഹിംകുഞ്ഞിന് സ്വന്തം. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ചായിരുന്നു നാല് തവണയും അദ്ദേഹം എം.എല്‍.എയായത്. നിലവില്‍ IUML നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.
