
കാസർകോട്: സാമൂഹൃ,സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തകനും മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) അന്തരിച്ചു. നബിദിന റാലിയിൽ പങ്കെടുക്കവേ ദേഹാസസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. നബിദിന പരിപാടിയിൽ സംബന്ധിക്കാൻ രാവിലെ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ പള്ളിയിലേക്ക് പോയതായിരുന്നു. ഉബൈദുള്ളയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ചെമ്പിരിക്ക- മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയിൽ മുൻപന്തിയിൽ പ്രവർത്തിച്ചു വരികയായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതിനൽകിയ വ്യക്തികൂടിയാണ് അദ്ദേഹം.
രാഷ്ട്രീയത്തിൽ എൻ.സി.പി ശരത് പവാർ വിഭാഗം കാസർകോട് ബ്ലോക്ക് മുൻ പ്രസിഡൻ്റും നിലവിൽ ജില്ലാ നിർവ്വാഹക സമിതി അംഗവുമാണ്. ജില്ലാ ജനകീയ നീതി വേദിയുടെയും നിരവധി സംഘടനകളുടെയും സജീവ സാന്നിധ്യം വഹിച്ചു. ബങ്കരക്കുന്ന് കുദൂർ റോഡ് നന്നാക്കാനായി നിരന്തരം പ്രവർത്തിച്ചു വരികയായിരുന്നു. കടവത്തേ പരേതരായ അബ്ദുൽ റഹ്മാൻ – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പ്രവാസിയായിരുന്നു. പഴയ ബസ് സ്റ്റാൻ്റിലെ ദർബാർ ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: ഫരീദ. മക്കൾ: ഉനൈഫ് (ഇൻ്റീരിയൽ ഡിസൈനർ എഞ്ചിനിയർ), അബ്ദുല്ല,അബൂബക്കർ സിദ്ധീഖ് (ഇരുവരും ദുബൈ). മരുമകൾ: ഷിഫാന. സഹോദരങ്ങൾ: സുബൈർ, ഫാറുഖ്, മുനീർ, അക്ബർ, ഖദീജ, ഉമ്മു ഹലീമ, റഹ്മത്ത് ബീവി. മയ്യത്ത് വെള്ളിയാഴ്ച അസറിന് ശേഷം നെല്ലിക്കുന്ന് മുഹ്യുയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
