‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ ബാനർ; ഗവർണർക്ക് എതിരെ പ്രതിഷേധ കരിങ്കടലായി കാലിക്കറ്റ് സർവകലാശാല, പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ ബാനർ; ഗവർണർക്ക് എതിരെ പ്രതിഷേധ കരിങ്കടലായി കാലിക്കറ്റ് സർവകലാശാല, പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസിൻ്റെ കനത്ത സുരക്ഷ അവ​ഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് തടയുന്തോറും കൂടുതൽ പ്രതിഷേധക്കാർ എത്തി. വിവിധ ഗ്രുപ്പുകളായി തിരിഞ്ഞാണ് പ്രതിഷേധം.

യൂണിവേഴ്‌സിറ്റി ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ തത്സമയം ഉണ്ടായിരുന്നത്. ​ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് സെമിനാർ ഹാൾ. കറുത്ത ഷർട്ടും ടീ ഷർട്ടുമണിഞ്ഞും കറുത്ത ബലൂണുകൾ അടക്കം ഉയർത്തിയുമാണ് പ്രതിഷേധം.

‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ എന്ന ബാനർ പിടിച്ചായിരുന്നു നൂറുകണക്കിന് വരുന്ന എസ്എഫ്ഐ പ്രവർത്തകർ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രകടനത്തിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സൽ അടക്കമുള്ളവർ മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തിയിരുന്നു.

പൊലീസിൻ്റെ കനത്ത സുരക്ഷ മറികടന്നായിരുന്നു ഇവർ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നീക്കാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉന്തും തള്ളുമുണ്ടായി.

കരിങ്കൊടിയുമായി നേതാക്കളും പ്രവർത്തകരുമടക്കം 15ഓളം പേരാണ് ഇവിടേക്ക് ചാടിയത്. നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. സംസ്ഥാന സെക്രട്ടറി അർഷോയുടെ നേതൃത്വത്തിൽ ആണ് സമരത്തിന് തുടക്കത്തിലേ നേതൃത്വം നൽകിയത്.

0Shares