
കുമ്പള / മംഗളൂരു: ഉഡുപ്പി കൗപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വളര്‍ത്തുമകളെ തട്ടിക്കൊണ്ട് പോയതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്‌തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്‌തതിന് കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്‌തു.
കര്‍ണ്ണാടക ഷിര്‍വ സ്വദേശി ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂര്‍ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്‌തത്. കുമ്പളയിലുള്ള രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിച്ചു. കൗപ്പിലെ ലീലാധര്‍ ഷെട്ടിയും ഭാര്യയും കുട്ടികൾ ഉണ്ടാകാത്തതിനെ തുടര്‍ന്ന് 16 വര്‍ഷം മുമ്പാണ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്.

ഡിസംബര്‍ 16ന് പെണ്‍കുട്ടിയെ കാണാതായി. തിരോധാനത്തില്‍ മനംനൊന്ത് ലീലാധര്‍ ഷെട്ടിയും ഭാര്യയും അന്ന് രാത്രിയിൽ വീട്ടില്‍ തൂങ്ങിമരിച്ചു. കൗപ്പ് പൊലീസ് അന്വേഷണം നടത്തിയതോടെ പെണ്‍കുട്ടിയെ ലീലാധര്‍ ഷെട്ടിയുടെ വീട്ടില്‍ നിന്ന് ഗിരീഷിൻ്റെ നേതൃത്വത്തില്‍ കടത്തിക്കൊണ്ട് പോയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണം നടത്തിയതോടെ പ്രതികള്‍ കുമ്പളയിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു.
കര്‍ണ്ണാടകയില്‍ നിന്നുള്ള പൊലീസ് സംഘം ഉടന്‍ തന്നെ കുമ്പളയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗിരീഷിനെതിരെ പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗിരീഷിൻ്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്ക് എതിരെയും പോക്‌സോ കേസുണ്ട്. ഉഡുപ്പി എസ്.പി ഡോ. അരുണ്‍ കെ, എ.എസ്.പി സിദ്ധലിംഗപ്പ, കാര്‍ക്കള ഡി.വൈ.എസ്.പി അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
