
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൊവാഴ്‌ച സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തു. എഐഎസ്എഫ് വിദ്യാർത്ഥി സംഘടനയാണ് പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചത്.
ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ (19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും എന്നാണ് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത് അറിയിച്ചത്.

സർവകലാ ശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എഐഎസ്എഫ് സംഘടിപ്പിച്ച മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു.
പരീക്ഷാ ഭവനിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാർ ഹാളിലേക്കാണ് എഐഎസ്എഫ് പ്രവർത്തകർ മാർച്ച് നടത്തിയത്. എന്നാൽ പോലീസ് പ്രവർത്തകരെ വഴിയിൽ വെച്ച് തടഞ്ഞു.
