അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നത്; ആണവ യുദ്ധം ചിന്തയിലില്ല; റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് വിദേശകാര്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നത്; ആണവ യുദ്ധം ചിന്തയിലില്ല; റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് വിദേശകാര്യമന്ത്രി

ഉക്രൈനിൽ ആണവ യുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നേതാക്കളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ. അത് റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണ്. ഉക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യക്കുള്ളത് പരിമിതമായ ആവശ്യങ്ങളാണെന്നാണ് സെര്‍ജി ലാവ്റോയുടെ വിശദീകരണം. ഉപാധികള്‍ ഉക്രൈന് മുന്നിലുണ്ട്. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.

ഉക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് ഉക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്. ഒരുകാരണവശാലും പ്രകോപനം സൃഷ്ടിക്കാന്‍ അനുവദിക്കില്ല.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്കു തയാറാണെന്നും, ഉക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യ- ഉക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. എന്നാൽ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തലയിലാണ്. സാധാരണ അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, ഉക്രൈൻ നഗര ഭരണ കേന്ദ്രമായ കേഴ്സൻ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. നീപർ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്സൻ. മാത്രമല്ല ഉക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്സൻ നഗരം പിടിച്ചെടുത്തത്.

0Shares