
രക്ഷാദൗത്യത്തിന് സുഡാനിലെത്തിയ തുർക്കി വിമാനത്തിന് നേരെ വെടിയുതിർത്തതായി റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സാണെന്ന് സുഡാൻ സൈന്യം ആരോപിച്ചു. തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനത്തിന് നേരെ വെടിയുതിർത്തത്. വിമാനത്തിന് നേരിയ തീപിടിത്തമുണ്ടായതായി തുർക്കിയും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ സി-130 വിമാനത്തിന് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തുർക്കി പറഞ്ഞു. അർദ്ധസൈനിക വിഭാഗമാണ് ഉത്തരവാദികളെന്ന് ആരോപണമുയർന്നെങ്കിലും ആർഎസ്എഫ് ഇത് നിഷേധിച്ചു.

“വാദി സെയ്ദ്‌നയുടെ പരിസരത്ത് ഞങ്ങൾ ഏതെങ്കിലും വിമാനത്തെ ലക്ഷ്യം വച്ചുവെന്നത് ശരിയല്ല. ഇത് ഞങ്ങളുടെ സേനയുടെ നിയന്ത്രണത്തിലല്ലാത്ത പ്രദേശമാണ്, ഇവിടെയുള്ള പ്രദേശങ്ങളിൽ ഞങ്ങൾക്ക് അധികാരമില്ല,”ആർ.എസ്എസ്.എഫ് പ്രതികരിച്ചു. സംഘർഷം നിലനിൽക്കുന്ന ഖർത്തൂമിൽ മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ വലിയ മാറ്റങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
നഗരത്തിലെ ആർ. എസ്. എഫ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ കഴിഞ്ഞ ദിവസം രാത്രിയിലും തുടർന്നിരുന്നു.യു.എൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, സുഡാനിൽ നിന്ന് വരും ആഴ്ചകളിൽ 100,000 പേർ അയൽരാജ്യമായ ചാഡിൽ അഭയം തേടുകയും 170,000 പേർ ദക്ഷിണ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്യും.
