
കാഞ്ഞങ്ങാട്: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ ഇന്ത്യ വിടുക എന്നീ മുദ്രാവാഖ്യവുമായി സംയുക്ത കിസാൻ മോർച്ച പ്രതിഷേധ സമരം സംഘടിപ്പിച്ചു. താരിഫ് 50 ശതമാനം ഉയർത്തിയ സാഹചര്യത്തിൽ അമേരിക്കയുമായുള്ള സാമ്പത്തിക വ്യാപാര കരാറും സ്വതന്ത്ര വ്യാപാര ഉടമ്പടിയും അവസാനിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അവകാശ പ്രഖ്യാപന സമരത്തിൻ്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടന്നത്. സമരത്തിൽ ട്രംപിൻ്റെയും നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചു.

കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പുതിയ കോട്ടയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കിസാൻ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക ജനത ജില്ലാ പ്രസിഡണ്ട് കെ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ നേതാവ് മുഹമ്മദ് കുഞ്ഞി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാഘവൻ കൂലേരി, ആർ.ജെ.ഡി നേതാവ് പനങ്കാവ് കൃഷ്ണൻ ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് പി.പി.രാജു, പി.രാധാകൃഷ്ണൻ, തങ്കമണി വില്ലാരം പതി, പള്ളിക്കൈ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു. തുടർന്ന് ട്രംപിൻ്റെ നികുതി നയത്തിനെതിരെ യും കേന്ദ്ര ഗവൺമെന്റിൻ്റെ കർഷക ദ്രോഹ നയത്തിനെതിരെയും ട്രംപിൻ്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.
