
യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ മുൻ ഗവർണർക്കെതിരെ രാജ്യദ്രോഹക്കേസ്. കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന അസീസ് ഖുറേഷിയ്ക്കെതിരെയാണ് യു.പി പോലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തിരിക്കുന്നത്.

ബി.ജെ.പി നേതാവ് ആകാശ് കുമാർ സക്സേനയുടെ പരാതിയിലാണ് കേസ്. രക്തം ഊറ്റിക്കുടിക്കുന്ന ദുർഭൂതത്തെപ്പോലെയാണ് യോഗി സർക്കാർ എന്നായിരുന്നു ഖുറേഷിയുടെ പരാമർശം. ഖുറേഷിയുടെ പരാമർശം സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തുന്നതുമാണെന്നാണ് സക്സേനയുടെ പരാതിയിൽ പറയുന്നത്.
ഖുറേഷിയുടെ പ്രതികരണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അടക്കം പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ടെന്ന് സക്സേന പറഞ്ഞു. സെക്ഷൻ 153 എ, 153 ബി, 124 എ, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിന്‍റെ താൽക്കാലിക ഗവർണറായും ഖുറേഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
