വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ ഉത്സവ സീസണ്‍ ; കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം; വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു

  • Post category:local news
  • Reading time:2 mins read
You are currently viewing വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ ഉത്സവ സീസണ്‍ ;  കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം; വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു

കാസർകോട്: വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ ഉത്സവ സീസണ്‍ പരിഗണിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു. നഗരത്തിലെ അനധികൃത വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിക്കാന്‍ യോഗം തിരുമാനിച്ചു. ലൈസന്‍സ് ഉള്ള വഴിയോര കച്ചവടക്കാര്‍ ഒഴികെ മറ്റു വഴിയോര കച്ചവടക്കാര്‍ക്ക് പഴയ കൈലാസ് തിയേറ്റര്‍ മുതല്‍ വ്യാപാരഭവന്‍ വരെയുള്ള സ്ഥലങ്ങളില്‍ കച്ചവടത്തിന് സൗകര്യം ഏര്‍പ്പെടുത്തും.

നഗരത്തിലെ ഗതാഗത തിരക്ക് പരിഹരിക്കാന്‍ കോട്ടച്ചേരി അപ്‌സര ലോഡ്ജിന് പിറകുവശത്ത്, അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് മുതല്‍ കോട്ടച്ചേരി ടൗണിലേക്ക് നിശ്ചിത ഇടവേളകളില്‍ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് ബസ് സൗകര്യം ഏര്‍പ്പെടുത്തും. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിലവിലുള്ള സിഗ്‌നല്‍ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും. മാവുങ്കാല്‍ ഭാഗത്തേക്കുള്ള ട്രാഫിക് സര്‍ക്കിള്‍ പൂര്‍ണ്ണമായും അടച്ചിടും. ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷന്‍ വരെ യാത്ര ചെയ്ത് തിരിഞ്ഞ് പി. ഡബ്ല്യു. ഡി റോഡിലൂടെ വന്ന് മാവുങ്കാല്‍ റോഡിലേക്ക് പ്രവേശിക്കണം.

നിലവില്‍ മാവുങ്കാല്‍ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. മാവുങ്കാല്‍ റോഡില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കും നോര്‍ത്ത് കോട്ടച്ചേരി ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ സ്മൃതിമണ്ഡപം വരെ യാത്ര ചെയ്ത് നഗരത്തില്‍ പ്രവേശിക്കണം. പുതിയ കോട്ട ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ കുന്നുമ്മല്‍ ഗ്രോട്ടക് ശ്രീകൃഷ്ണ മന്ദിര്‍ റോഡ് വഴി പുതിയ കോട്ടയിലേക്ക് പ്രവേശിക്കണം. സര്‍വീസ് റോഡിലുള്ള അനധികൃത പാര്‍ക്കിംഗ് അനധികൃത യാത്ര എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു.

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ പൂര്‍ണമായും അടച്ചു ഇടുമ്പോള്‍ ഉണ്ടാവുന്ന ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ പി. ഡബ്ല്യു. ഡി റോഡില്‍ പഴയ കൈലാസ് തിയേറ്ററിനു സമീപത്തായി യൂ ടേണ്‍ നിര്‍മ്മിക്കാന്‍ പി.ഡബ്ല്യു.ഡി വിഭാഗത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ ഗതാഗത പരിഷ്‌കരണത്തിൻ്റെ ഭാഗമായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പാര്‍ക്കിംഗ്, നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് ഗതാഗതം പൂര്‍ണ്ണമായും മാറുമ്പോള്‍ ഉണ്ടാകുന്ന സമയക്രമം, ഫയര്‍ സ്റ്റേജ് പ്രശ്‌നങ്ങള്‍ ജില്ലാ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനത്തിനായി അയച്ചുകൊടുക്കും.

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ നഗരസഭാധ്യക്ഷ കെ.വി സുജാത, ഡി.വൈ.എസ്പി ഡോ. വി.ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രമേശന്‍, ആര്‍. ഡി. ഒ സീനിയര്‍ സൂപ്രണ്ട് ആര്‍.ശ്രീകല, പി.ഡബ്ല്യു.ഡി റോഡ് ഓവര്‍സിയര്‍ എസ്.കെ.അംബിക, ട്രാഫിക് എസ്‌.ഐ ആനന്ദകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

0Shares