വിലക്കയറ്റത്തിന് മുന്നില്‍ അമ്പരന്ന്; രണ്ട് പച്ചക്കറി വിഭവങ്ങള്‍ വാങ്ങുന്നത് വ്യാപാരികളും നിറുത്തി, പൊതുജനങ്ങളുടെ ജീവിത നിലവാരം കുത്തനെ താഴുകയാണ്, കാരണം ഇതാണ്

  • Post category:Kerala / news
  • Reading time:3 mins read
You are currently viewing വിലക്കയറ്റത്തിന് മുന്നില്‍ അമ്പരന്ന്; രണ്ട് പച്ചക്കറി വിഭവങ്ങള്‍ വാങ്ങുന്നത് വ്യാപാരികളും നിറുത്തി, പൊതുജനങ്ങളുടെ ജീവിത നിലവാരം കുത്തനെ താഴുകയാണ്, കാരണം ഇതാണ്

അസാധാരണമായ വിലക്കയറ്റം കാരണം ജനജീവിത നിലവാരം കുത്തനെ താഴുകയാണ്. തക്കാളിയുടേയും ഇഞ്ചിയുടേയും വില റെക്കോര്‍ഡിലെത്തി. ഇതോടെ, പല ചെറുകിട വ്യാപാരികളും തക്കാളിയും ഇഞ്ചിയും വാങ്ങുന്നതും നിര്‍ത്തി. ഒരുകിലോ ഇഞ്ചിയ്ക്ക് വിപണിയില്‍ 200ന് മുകളിലാണ് വില.

മിക്ക ഇടങ്ങളിലും തക്കാളിക്ക് 100 മുതല്‍ 140 വരെയാണ് വില ഈടാക്കുന്നത്. തക്കാളി വിലയില്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 300 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേസമയം തക്കാളി വില 24.68 രൂപയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ഉപഭോക്തൃകാര്യ വിഭാഗം വെബ്‌സൈറ്റില്‍ കിലോയ്ക്ക് 114.72 രൂപയായിരുന്നു ശരാശരി വില. പരമാവധി വിലയാകട്ടെ 224 രൂപയും. പ്രധാന തക്കാളി ഉത്പാദക സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് വില കുതിച്ചുയര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു.

ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകൻ കൊല്ലപ്പെട്ട വാര്‍ത്ത നാം അറിഞ്ഞതാണ്. മികച്ച വിളവ് കിട്ടിയ തക്കാളി ചന്തയിലെ കടയില്‍ വിറ്റതിന് പിന്നാലെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. തക്കാളി വിറ്റ പണം കവരാനെത്തിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

രാജ്യത്ത് ചിലയിടങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 200ന് മുകളിലാണ്. തക്കാളി സംരക്ഷിക്കാൻ ചിലയിടത്ത് വ്യാപാരികള്‍ കാവല്‍ക്കാരെ നിറുത്തിയത് വാര്‍ത്തയായിരുന്നു.

മഴ കാരണം ചെറിയ ഉള്ളി വേഗത്തില്‍ ചീഞ്ഞ് പോകാൻ തുടങ്ങിയതോടെ വില 150ലേക്ക് കുതിച്ചു. വെളുത്തുള്ളി കിലോയ്ക്ക് 200ന് അടുത്തെത്തി. നല്ലയിനം അരി വേണമെങ്കില്‍ ഒരു കിലോയ്ക്ക് 45 രൂപയിലേറെ നല്‍കണം. ജീരകം മൊത്ത വിപണിയില്‍ 600 രൂപയായിരുന്നത് 650 വരെയായി. ചില്ലറ വിപണിയില്‍ 900 രൂപ വരെയാണ് വില. പെരും ജീരകത്തിന് മൂന്നാഴ്‌ച കൊണ്ട് 350 രൂപയായി ഉയര്‍ന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 400 രൂപയിലധികമാണ് വില. ചുരുക്കി പറഞ്ഞാല്‍ വയര്‍ നിറയ്ക്കണമെങ്കില്‍ കീശ മൊത്തം കാലിയാകുന്ന അവസ്ഥ. 40 രൂപയ്ക്ക് വയറ് നിറയെ ഊണും കറികളും ലഭിച്ച കാലവും ഇതോടെ പഴങ്കഥയാവുകയാണ്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാവാൻ ഒരുമാസം കൂടി കാത്തിരിക്കണം. ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമാകാൻ അതുവരെ കാത്തിരുന്നേ മതിയാകൂ. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിന് തീപിടിച്ച വിലയാണ്. ഇടനിലക്കാരുടെ കൈയ്യിലകപ്പെട്ട ഇറച്ചിക്കോഴി വിപണിയിലും വലിയ വില. ഇന്ധനവില രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. അതിനാല്‍ത്തന്നെ, വലിയ മാര്‍ക്കറ്റുകളില്‍ നിന്ന് ചെറുകിട മാര്‍ക്കറ്റുകളിലേക്കുള്ള ചരക്ക് കടത്തിന് ചെലവേറിയത് ഇതിനെല്ലാം പുറമേയാണ്.

വിലക്കയറ്റം സംസ്ഥാനത്തെ ഹോട്ടല്‍- റസ്‌റ്റോറണ്ട് വ്യവസായത്തിൻ്റെയും നടുവൊടിക്കുന്നുവെന്ന് പറയാതെ വയ്യ. ചെറുകിട റസ്‌റ്റോറണ്ട് ഉപജീവനം നടത്തുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. വലിയ വില കൊടുത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനാവാതെ വിലക്കയറ്റത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് ഇവരില്‍ വലിയൊരു വിഭാഗവും. വില കൂടിയാല്‍ കച്ചവടം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. 10 മുതല്‍ 20 ശതമാനം വരെ വില കൂട്ടിയില്ലെങ്കില്‍ പിടിച്ച്‌ നില്‍ക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

ഹോട്ടലുടമകള്‍ വില കൂട്ടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരാണ്. തെങ്കാശിയിലെ കര്‍ഷക സംഘടനകളുടെ സഹായത്തോടെ നിലവില്‍ ഹോര്‍ട്ടികോര്‍പ്പ് വില്‍പ്പന ശാലകളിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്നുണ്ട്. കേരളത്തില്‍ വില കൂടുതലുള്ള പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിച്ചും കുറഞ്ഞ് വിലയ്ക്ക് സംസ്ഥാനത്ത് വില്‍ക്കാനും കൃഷി വകുപ്പ് ആലോചിക്കുന്നുണ്ട്.

‘മുമ്പ് ഓരോ ദിവസവും ഭക്ഷണം കഴിക്കാനായി നീക്കിവച്ചതിൻ്റെ ഇരട്ടിലധികം തുകയാണ് ഇന്ന് നീക്കി വയ്‌ക്കേണ്ടി വരുന്നത്. അതിനനുസരിച്ച്‌ വരുമാനം കൂടുന്നില്ല. ഇന്ധന വിലയ്‌ക്കൊപ്പം ഭക്ഷ്യ വിലയും കൂടുമ്പോള്‍ ശമ്പളത്തില്‍ നിന്ന് 100 രൂപ പോലും സൂക്ഷിച്ചു വയ്‌ക്കാൻ സാധിക്കുന്നില്ല’ എന്നാണ് കച്ചവട സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ്റെ വാക്കുകള്‍.

പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ സബ്‌സിയോടെ ആരംഭിച്ച ഇവിടെ ഊണിന് സര്‍ക്കാര്‍ നിശ്ചയിച്ച സബ്‌സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതിനൊപ്പം വിലക്കയറ്റം കൂടിയായതോടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ പാടുപെടുകയാണിവര്‍. 20 രൂപയ്ക്ക് ചോറും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുന്നതാണ് ഉച്ചഭക്ഷണം. 10 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി കുടുംബശ്രീക്ക് നല്‍കും.

പച്ചക്കറിക്ക് വില വര്‍ദ്ധിച്ചതോടെ കറികളില്‍ പപ്പായ, വാഴച്ചുണ്ട്, എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുകയാണെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. പച്ചക്കറി വാങ്ങിയ കടകളില്‍ നല്‍കേണ്ട തുക പലയിടത്തും കുടിശ്ശികയാണ്. സര്‍ക്കാര്‍ സബ്‌സിഡി തുക മുടക്കമില്ലാതെ ലഭിച്ചില്ലെങ്കില്‍ കടുത്ത ബുദ്ധിമുട്ട് നേരിടുമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

ഒരേ സാധനത്തിന് തന്നെ ഓരോ മാര്‍ക്കറ്റിലും പല വിലയാണ് ഈടാക്കുന്നത്. വിപണിയില്‍ അദൃശ്യമായ ഇടപെടല്‍ നടക്കുന്നു എന്നതിന് തെളിവാണിത്. ഇതിനെതിരെ കര്‍ശന പരിശോധന നടത്താൻ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇടപെടലുകളൊന്നും ഇതുവരേയും നടന്നിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഏജൻസികളുടെ ഇടപെടല്‍ ഫലപ്രദമാണോ എന്ന് സര്‍ക്കാര്‍ സ്വയം പരിശോധിച്ചേ മതിയാകൂ.

കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ച്‌ നിര്‍ത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ഹോര്‍ട്ടി കോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍ സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും രാജ്യത്ത് എവിടെ നിന്നൊക്കെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാം എന്ന് കണ്ടെത്തി നടപ്പാക്കാൻ സ്ഥിരം സംവിധാനം സംസ്ഥാനത്ത് ഉണ്ടാവേണ്ടിയിരിക്കുന്നു.

Courtesy: Kerala Kaumudi

0Shares