പോക്‌സോ കോടതിയുടെ സുപ്രധാന വിധി; വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്, മോൻസൻ മാവുങ്കലിന് ജീവപര്യന്ത്യം തടവും പിഴയും ശിക്ഷ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing പോക്‌സോ കോടതിയുടെ സുപ്രധാന വിധി; വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്, മോൻസൻ മാവുങ്കലിന് ജീവപര്യന്ത്യം തടവും പിഴയും ശിക്ഷ

കൊച്ചി: വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീ‍ഡിപ്പിച്ച കേസിൽ വ്യാജ പുരാസ്‌തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായും എറണാകുളം ജില്ലാ പോക്സോ കോടതി നിരീക്ഷിച്ചു. മോൻസനെതിരായി രജിസ്റ്റർ ചെയ്‌ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.

കഴി‍ഞ്ഞ ദിവസമാണ് കേസിൻ്റെ വിചാരണ നടപടികൾ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7, 8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഇതിന് പുറമേ ഐ.പി.സി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐ.പി.സി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐ.പി.സി 354 എ (സ്ത്രീക്ക് നേരെയുള്ള അതിക്രമം), ഐ.പി.സി 376 (ബലാത്സംഗം), ഐ.പി.സി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐ.പി.സി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണ് പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.

2019ലാണ് കേസിനാസ്‌പദമായ സംഭവം. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിൻ്റെ കൂടെ കോസ്‌മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്‌ദാനം ചെയ്‌ത്‌ 17 വയസ്സുള്ള പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് വീട്ടുവേലക്കാരിയുടെ മകളായ പതിനേഴുകാരിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.

പുരാവസ്‌‌തു തട്ടിപ്പുകേസിൽ 2021ൽ മോൻസൺ അറസ്റ്റിലായ ശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ പരാതി നൽകിയത്‌. മോൻസനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന്‌ മൊഴി നൽകിയിരുന്നു.

0Shares