അരിക്കൊമ്പൻ്റെ യാത്രയോടെ കേരളത്തിലെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല: മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അരിക്കൊമ്പൻ്റെ യാത്രയോടെ കേരളത്തിലെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല: മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ നിന്ന് കുമിളിയിലേക്കുള്ള അരിക്കൊമ്പൻ്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും കേരളത്തിലെ ആ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ലെന്ന് മനസിലാക്കണം. കേരളത്തില്‍ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ച. കേരളത്തിലെ റോഡുകള്‍ ലോക ശ്രദ്ധ നേടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാവുകയാണ്. പേരാമ്പ്ര ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്. കിഫ്ബി പദ്ധതിയില്‍ പെടുത്തി 58.29 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബൈപാസിന് 2.73 കിലോ മീറ്റര്‍ ദൂരവും 12 മീറ്റര്‍ വീതിയുമുണ്ട്.

13 ഇടങ്ങളില്‍ ലിങ്ക്‌റോഡും 109 കൂറ്റന്‍ തെരുവുവിളക്കുകളും ബൈപാസിലുണ്ട്. 27.96 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവഴിച്ചത്. 997 സെന്റ് ഭൂമി ബൈപാസിനായി ഏറ്റെടുക്കാന്‍ വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. 2008ല്‍ ആരംഭിച്ച് 2010ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ബൈപാസ് 12 വര്‍ഷം വൈകിച്ചത് നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടല്‍ മൂലമാണ്.

സുപ്രീം കോടതി ബൈപാസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് ബൈപാസ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ നിശ്ചയദാര്‍ഢ്യമാണ് പേരാമ്പ്ര ബൈപാസ് നിര്‍മ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളില്‍ കണ്ടത്. 2021 ഫെബ്രുവരി 14 ന് പ്രവൃത്തി ഉദ്ഘാടനം ചെയ്യപ്പെട്ട ബൈപാസ് ഇന്ന് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റും വിധം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

ബൈപാസ് തുറക്കുന്നതോടെ പേരാമ്പ്ര ടൗണിലെ വീര്‍പ്പുമുട്ടലും ട്രാഫിക് ബ്ലോക്കുമെല്ലാം അവസാനിക്കുകയാണ്. നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്ക് വരുന്നവര്‍ക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ക്കും വലിയ ആശ്വാസമായി പേരാമ്പ്ര ബൈപാസ് റോഡ് മാറും.

0Shares