
തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ .സുരേന്ദ്രൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഉണ്ടായില്ല. തലശേരിയിലെ ബി.ജെ.പി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല. പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് വെക്കുന്നതെന്നും സി.ഒ.ടി നസീർ പറഞ്ഞു. തുടർ നടപടി സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്‍റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാൻ എൻ.ഡി.എ തീരുമാനിച്ചത്.
സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. നാമനിർദേശ പത്രികയ്‌ക്കൊപ്പം ചിഹ്നം അനുവദിക്കാൻ നൽകിയ ഫോമിൽ പാർട്ടി ദേശീയ അധ്യക്ഷന്‍റെ ഒപ്പില്ലെന്ന കാരണത്താലാണു ഹരിദാസിന്‍റെ പത്രിക തള്ളിയത്.
